കോഴിക്കോട്ട് അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കങ്ങൾ പിടികൂടി
Thursday, March 30, 2023 8:28 PM IST
കോഴിക്കോട്: പുതിയപാലത്ത് പാഴ്സൽ സർവീസ് ഗോഡൗണിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 1,500 കിലോഗ്രാം പടക്കം പോലീസ് കണ്ടെത്തി.
നോവ പാഴ്സൽ ഏജൻസി ഗോഡൗണിൽ നിന്നാണ് പടക്കം പിടികൂടിയത്. 69 പെട്ടികളിലായി സൂക്ഷിച്ചിരുന്ന പടക്കങ്ങളാണ് കണ്ടെത്തിയത്. ഇവ ശിവകാശിയിൽ നിന്ന് എത്തിച്ചതാണെന്നാണ് കരുതുന്നത്.
തീപ്പൊരിയുടെ സാന്നിധ്യം സ്ഥിരമായി ഉണ്ടാകാറുള്ള വെൽഡിംഗ് വർക്ക്ഷോപ്പുകളുടെ ഇടയിലാണ് പടക്കങ്ങൾ സൂക്ഷിച്ചിരുന്നത്. നഗരത്തിലെ പടക്കനിർമാതാക്കളുടെ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ തെരച്ചിലിലാണ് ഇവ കണ്ടെത്തിയത്.
ഗോഡൗൺ അധികൃതർക്ക് കരിമരുന്ന് സൂക്ഷിക്കാനുള്ള ലൈസൻസ് ഇല്ലായിരുന്നുവെന്നും സംഭവത്തിൽ കേസെടുത്തതായും പോലീസ് അറിയിച്ചു. പിടികൂടിയ പടക്കങ്ങൾ സുരക്ഷിതമായി നശിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.