ബ്ലേഡ് റണ്ണർ പുറത്തുവരുമോ? ശിക്ഷായിളവ് തേടി താരം
Thursday, March 30, 2023 10:36 PM IST
ജൊഹാന്നസ്ബെർഗ്: കാമുകിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിക്കുന്ന ദക്ഷിണാഫ്രിക്കൻ അത്ലറ്റിക്സ് താരം ഓസ്കർ പിസ്റ്റോറിയസിന് ശിക്ഷായിളവ് ലഭിക്കാൻ സാധ്യത. വെള്ളിയാഴ്ച നടക്കുന്ന പരോൾ ബോർഡ് യോഗം പിസ്റ്റോറിയസിന്റെ ശിക്ഷ ഇളവ് ചെയ്ത് ജയിൽമോചനം അനുവദിക്കാനുള്ള സാഹചര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
2013-ലാണ് ബ്ലേഡ് റണ്ണർ എന്നറിയപ്പെടുന്ന പിസ്റ്റോറിയസ് കാമുകിയും മോഡലുമായ റീവ സ്റ്റീൻകാംപിനെ വെടിവച്ച് കൊലപ്പെടുത്തിയത്. ശുചിമുറിക്കുള്ളിലായിരുന്ന സ്റ്റീൻകാംപിനെ പൂട്ടിയിട്ടിരുന്ന കതകിലൂടെ നാല് തവണ വെടിയുതിർത്താണ് പിസ്റ്റോറിയസ് കൊലപ്പെടുത്തിയത്.
താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും ശുചിമുറിക്കുള്ളിൽ കാമുകിയെ ആക്രമിക്കാനായി ആരോ എത്തിയെന്ന തെറ്റിധാരണ മൂലമാണ് വെടിയുതിർത്തെന്നുമാണ് താരം വാദിച്ചത്. ഈ വാദം അവഗണിച്ച കോടതി, ഗാർഹിക പീഡനത്തെത്തുടർന്നുള്ള നരഹത്യക്കുറ്റം ചുമത്തി 13 വർഷത്തെ തടവുശിക്ഷയാണ് പിസ്റ്റോറിയസിന് വിധിച്ചത്.
ശിക്ഷാകാലാവധിയുടെ പകുതി പൂർത്തിയാക്കിയ പിസ്റ്റോറിയസ്, പരോളിനായി അപേക്ഷ സമർപ്പിച്ചിരുന്നു. ദക്ഷിണാഫ്രിക്കൻ നിയമപ്രകാരം ഒരു തടവുപുള്ളിക്ക് നൽകിയ ശിക്ഷയുടെ ഉദ്ദേശ്യലക്ഷ്യം നിറവേറ്റപ്പെട്ടുവെന്ന് പരോൾ ബോർഡിന് ബോധ്യമായാൽ ശിക്ഷായിളവ് അനുവദിക്കാവുന്നതാണ്.
ഇത്തരത്തിൽ ഇളവ് ലഭിച്ചാൽ പിസ്റ്റോറിയസിന് ജയിൽമോചിതനാകാം. കമ്മ്യൂണിറ്റി സെന്ററുകളിലെ പൊതുസേവനം, അധികാരികൾക്ക് മുമ്പുള്ള കൃത്യമായ ഹാജരാകൽ, ആയുധം ഉപയോഗിക്കുന്നതിനുള്ള വിലക്ക് എന്നീ നിബന്ധനകൾ പിസ്റ്റോറിയസിന് മുമ്പിൽ ബോർഡ് നിർദേശിച്ചേക്കാം.
പരോൾ നീക്കത്തിനെതിരെ സ്റ്റീൻകാംപിന്റെ മാതാപിതാക്കൾ രംഗത്തെത്തി. ഇതിനെതിരെ നിയമപരമായി നീങ്ങുമെന്ന് അവർ അറിയിച്ചു. 2012 ഒളിംപിക്സിലെ 400 മീറ്റർ സ്പ്രിന്റ് സെമിഫൈനലിന് യോഗ്യത നേടിയാണ് പാരാ അത്ലറ്റായ പിസ്റ്റോറിയസ് ലോകശ്രദ്ധ നേടിയത്.