സിസ തോമസിന് തിരിച്ചടി; കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യം ട്രൈബ്യൂണല്‍ തള്ളി
Thursday, March 30, 2023 3:29 PM IST
തിരുവനന്തപുരം: കെടിയു വിസി സിസ തോമസിന് തിരിച്ചടി. സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസിനെതിരായ ഹര്‍ജി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ തള്ളി.
സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സാങ്കേതിക സര്‍വകലാശാലയുടെ താത്ക്കാലിക വിസിയായി ചുമതലയേറ്റതിനാണ് സിസയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇത് ചോദ്യം ചെയ്താണ് സിസ ട്രൈബ്യൂണലിനെ സമീപിച്ചത്.
എന്നാല്‍ നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി. അതേസമയം ഇക്കാര്യത്തില്‍ നടപടിയെടുക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ സിസയുടെ വാദം കേള്‍ക്കണമെന്ന് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.
സര്‍ക്കാര്‍ പറയുന്നതുപോലെ ക്രമവിരുദ്ധമായ നടപടി തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും കുറ്റകൃത്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നും സിസ ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു.
ചാന്‍സിലറുടെ അറിവോടുകൂടിയാണ് കെടിയു വിസിയായി ചുമതലയേറ്റത്. അതിനാല്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുള്‍പ്പെടെയുള്ളവര്‍ക്ക് നടപടി സ്വീകരിക്കാനാവില്ലെന്നും ഇവർ ഹര്‍ജിയില്‍ പരാമര്‍ശിച്ചിരുന്നു.
സര്‍ക്കാര്‍ ശിപാര്‍ശ തള്ളിയാണ് സിസയെ കെടിയു വിസിയുടെ ചുമതലയില്‍ ഗവര്‍ണര്‍ നിയമിച്ചത്.