തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വെള്ളമില്ല; 20ല്‍ അധികം ശസ്ത്രക്രിയകള്‍ മുടങ്ങി
Thursday, March 30, 2023 1:11 PM IST
തിരുവനന്തപുരം: തലസ്ഥാനത്തെ ജനറല്‍ ആശുപത്രിയില്‍ വെള്ളത്തിന് ക്ഷാമം നേരിട്ടത് മൂലം രോഗികള്‍ ദുരിതത്തില്‍. ആശുപത്രിയില്‍ രാവിലെ നടക്കാനിരുന്ന 20ല്‍ അധികം ശസ്ത്രക്രിയകള്‍ മുടങ്ങി.
ടാങ്കറില്‍ വെള്ളമെത്തിച്ചതിന് ശേഷം ശസ്ത്രക്രിയകള്‍ തുടങ്ങുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. വാര്‍ഡിലും വെള്ളക്ഷാമം രൂക്ഷമാണെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറഞ്ഞു.
ടാങ്കില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ജലവിതരണം മുടങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതനുസരിച്ചുള്ള ക്രമീകരണവും നടത്തിയിരുന്നു.
എന്നാല്‍ ഇന്ന് അരുവിക്കരയില്‍ അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങിയതിനാലാണ് ജലവിതരണം മുടങ്ങിയതെന്ന് ജല അതോറിറ്റി അറിയിച്ചു. അതേസമയം മുടക്കമില്ലാതെ എല്ലാം നടക്കുമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.