ന്യൂഡൽഹി: രാഹുൽഗാന്ധിയെ ലോക്സഭയിൽനിന്ന് അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതായി ജർമനി. രാഹുലിന്‍റെ കാര്യത്തിൽ അടിസ്ഥാനപരമായി ജനാധിപത്യം പാലിക്കപ്പെടുമെന്നാണ് വിശ്വാസമെന്നും ജർമൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിലെ പ്രമുഖ പ്രതിപക്ഷ നേതാവിനെതിരായ മാനനഷ്ടക്കേസിലെ വിധിയും പിന്നാലെ പാർലമെന്‍റ് അംഗത്വം റദ്ദാക്കിയതും ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. വിധിക്കെതിരേ അപ്പീൽ നൽകാനുള്ള നീക്കത്തിലാണ് രാഹുൽ. ഇതിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടോയെന്ന് അപ്പോൾ വ്യക്തമാകുമെന്നും ജർമൻ വിദേശകാര്യ വക്താവ് പറഞ്ഞു.

ജുഡീഷൽ സ്വാതന്ത്ര്യത്തിന്‍റെയും അടിസ്ഥാന ജനാധിപത്യ തത്വങ്ങളുടെയും മാനദണ്ഡങ്ങൾ കേസിൽ ബാധകമാകുമെന്ന് ജർമനി പ്രതീക്ഷിക്കുന്നതായും വക്താവ് കൂട്ടിച്ചേർത്തു.