അരിക്കൊന്പനെ ഉടൻ പിടികൂടണമെന്ന് സർക്കാർ, വിയോജിച്ച് ഹൈക്കോടതി
Wednesday, March 29, 2023 3:52 PM IST
കൊച്ചി: അരിക്കൊമ്പനെ ഉടന്‍ മയക്കുവെടി വച്ച് പിടികൂടണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനോട് യോജിക്കാതെ ഹൈക്കോടതി. വിഷയം പഠിക്കാന്‍ അഞ്ചംഗ വിദഗ്ധസമിതിയെ നിയോഗിക്കാമെന്ന് കോടതി പറഞ്ഞു.
അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കോടതിയില്‍ വാദം തുടരുകയാണ്. സമിതി നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആനയെ മയക്കുവെടി വച്ച് പിടികൂടണോ വേണ്ടയോ എന്ന് തീരുമാനിക്കാം. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കാമെന്നും കോടതി പറഞ്ഞു.
അരിക്കൊമ്പനെ മാറ്റുന്നതുകൊണ്ട് മാത്രം പ്രശ്നം തീരുമോ എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. അരിക്കൊമ്പനെ മാറ്റിയാല്‍ മറ്റൊരു ആന വരും. പ്രശ്നത്തിന് ശാശ്വത പരിഹാരമാണ് വേണ്ടത്.
അരിക്കൊമ്പന് അതിന്റെ ആവാസ വ്യവസ്ഥയിലാണ് നില്‍ക്കുന്നത്. കൊമ്പന് ഏറ്റവുമധികം പ്രശ്നമുണ്ടാക്കുന്ന 301 കോളനിയിയില്‍ 2003നു ശേഷമാണ് സര്‍ക്കാര്‍ ആളുകളെ കൊണ്ടുചെന്ന് പാര്‍പ്പിച്ചത്. അരിക്കൊമ്പനെ അവിടെനിന്ന് മാറ്റാതെ കോളനിയിലെ ആളുകളെ മാറ്റുപാര്ച്ചിച്ചുകൂടെ എന്നും കോടതി ചോദിച്ചു.
ജനവാസമേഖലയില്‍ വര്‍ഷങ്ങളായി ജീവിച്ച് പഠിച്ച ആനയാണ് അരിക്കൊമ്പന്. അതുകൊണ്ട് ആനയെ പിടികൂടി പുനരധിവസിപ്പിക്കുക മാത്രമാണ് ഏക പോംവഴിയെന്നാണ് വനംവകുപ്പിന്റെ നിലപാട്.
കൊമ്പനെ പിടികൂടാനുള്ള അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തിയായപ്പോഴായിരുന്നു ദൗത്യം തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. ഇന്ന് കോടതിയില്‍ നിന്നും അനുമതി ലഭിക്കുകയാണെങ്കില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലിന് തന്നെ അരിക്കൊമ്പന് ദൗത്യം ആരംഭിക്കാനാണ് സര്‍ക്കാര്‍ നീക്കം.