പൂതന പരാമർശം: സുരേന്ദ്രനെതിരെ കേസെടുത്ത് പോലീസ്
Tuesday, March 28, 2023 10:18 PM IST
തിരുവനന്തപുരം: സിപിഎം വനിതാ നേതാക്കൾക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കേസെടുത്ത് പോലീസ്. മഹിളാ അസോസിയേഷന് സംസ്ഥാന സെക്രട്ടറിസി.എസ്. സുജാത നൽകിയ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കേസെടുത്തത്. കേസ് തുടര്‍ നടപടികള്‍ക്കായി തൃശൂരിലേക്ക് കൈമാറിയേക്കും.
"കേരളത്തിലെ മാർക്സിസ്റ്റ് വനിതാ നേതാക്കളെല്ലാം തടിച്ചു കൊഴുത്തു.....കാശടിച്ചു മാറ്റി....തടിച്ചു കൊഴുത്തു പൂതനകളായി അവർ കേരളത്തിലെ സ്ത്രീകളെ കളിയാക്കിക്കൊണ്ടിരിക്കുകയാണ് ' എന്നായിരുന്നു കെ.സുരേന്ദ്രന്റെ പ്രസ്താവന.
വിഷയത്തിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വീണ.എസ്.നായരും പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും വനിതാ കമ്മീഷനുമാണ് പരാതി നൽകിയത്.
സുരേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ സിപിഎം നേതാക്കൾ പരാതി നൽകിയില്ലെങ്കിൽ പ്രതിപക്ഷം പോലീസിൽ പരാതി നൽകുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.