യന്ത്രത്തകരാർ; ആന്ധ്ര മുഖ്യമന്ത്രിയുടെ വിമാനം അടിയന്തരമായി നിലത്തിറക്കി
Tuesday, March 28, 2023 10:02 PM IST
അമരാവതി: ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുടെ വിമാനം യന്ത്രത്തകരാറിനെത്തുടർന്ന് അടിയന്തരമായി ലാൻഡ് ചെയ്തു.
വൈകിട്ട് ആറിന് ഗന്നവാരം വിമാനത്താവളത്തിൽ വച്ചാണ് സംഭവം നടന്നത്. റെഡ്ഡി സഞ്ചരിച്ചിരുന്ന ചാർട്ടേഡ് വിമാനം വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് 10 മിനിറ്റിനുള്ളിൽ തകരാറിലാവുകയായിരുന്നു.
വിശാഖപ്പട്ടണത്ത് നടക്കുന്ന ജി -20 അനുബന്ധ സമ്മേളനങ്ങളിൽ പങ്കെടുക്കാനായി പോയ വേളയിലാണ് റെഡ്ഡിയുടെ വിമാനം അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.