സംസ്ഥാനത്തെ മാലിന്യ നിർമാർജന പദ്ധതികളിൽ വൻ അഴിമതിയെന്നു കെ.സുരേന്ദ്രൻ
Monday, March 27, 2023 11:48 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ മാലിന്യ നിർമാർജന പദ്ധതികളിൽ വൻ അഴിമതിയാണ് നടക്കുന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രിയാണ് ബ്രഹ്മപുരത്ത് സോണ്ട കന്പനിക്ക് കരാർ കൊടുത്തത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കോണ്ഗ്രസ് നേതാക്കൾക്കും ഇതിൽ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭരണപ്രതിപക്ഷങ്ങൾ കൊള്ള മുതൽ പങ്കുവയ്ക്കുകയാണ്. ഭരണകക്ഷിയിലെ നേതാവിനു കരാറും പ്രതിപക്ഷ പാർട്ടിയിലെ നേതാവിന് ഉപകരാറും കിട്ടുന്ന സംസ്ഥാനമാണ് കേരളം. ഈ അഴിമതിയുടെ ദുരന്തഫലമാണ് വിഷപ്പുക ശ്വസിക്കലും, ലോക്കപ്പ് മരണങ്ങളും.
ആയിരം കോടി രൂപ പിരിച്ചെടുക്കാനുള്ള മോട്ടോർവാഹന വകുപ്പിന്റെ സർക്കുലറാണ് തൃപ്പൂണിത്തുറ ലോക്കപ്പ് മരണത്തിനു കാരണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.