പാർലമെന്റ് വെബ്സെെറ്റില്‍ വയനാട് ഒഴിഞ്ഞുകിടക്കുന്നു; ലക്ഷദ്വീപും
Monday, March 27, 2023 3:21 PM IST
ന്യൂഡല്‍ഹി: വയനാട് മണ്ഡലം ഒഴിഞ്ഞുകിടക്കുന്നെന്ന് ലോക്സഭാ സെക്രട്ടറിയേറ്റ്. പാര്‍ലമെന്റിന്റെ വെബ്സെെറ്റില്‍ ഒഴിഞ്ഞുകിടക്കുന്ന മണ്ഡലങ്ങളുടെ പട്ടികയിലാണ് വയനാടും ഉള്‍പ്പെട്ടത്. ലക്ഷദ്വീപിനെ ഇപ്പോഴും ഈ പട്ടികയില്‍നിന്നും നീക്കിയിട്ടില്ല.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് വയനാട്ടില്‍ നിന്നുള്ള ലോക്സഭാംഗം. എല്ലാ കള്ളന്മാരുടെയും പേര് മോദിയാണെന്ന രാഹുല്‍ ഗാന്ധിയുടെ 2019ലെ പരാമര്‍ശത്തില്‍ സൂറത്ത് കോടതി കഴിഞ്ഞദിവസം അദ്ദേഹത്തെ രണ്ടുവര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു.
ഇതിന് പിന്നാലെ രാഹുലിനെ പാര്‍ലമെന്റ് അംഗത്വത്തില്‍നിന്നും അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറി ജനറല്‍ വിജ്ഞാപനമിറക്കിയിരുന്നു.
വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസലിനെ കവരത്തി കോടതി 10 വര്‍ഷത്തേക്ക് ശിക്ഷിച്ചതിനെത്തുടര്ന്നായിരുന്നു അയോഗ്യനാക്കപ്പെട്ടത്. എന്നാല്‍ കവരത്തി കോടതിയുടെ ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചിട്ടും മുഹമ്മദ് ഫൈസലിന് സ്ഥാനം തിരിച്ചു കിട്ടിയിരുന്നില്ല. ഹൈക്കോടതി ശിക്ഷാവിധി താത്ക്കാലികമായി മരവിപ്പിച്ചെങ്കിലും എംപി സ്ഥാനം പുനഃ സ്ഥാപിക്കുന്നതില്‍ ലോക്സഭാ സെക്രട്ടറി വീഴ്ചവരുത്തിയെന്ന് കാട്ടി മുഹമ്മദ് ഫൈസല്‍ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
എംപി സ്ഥാനം പുനഃ സ്ഥാപിക്കാത്തതിനെതിരേ മുഹമ്മദ് ഫൈസല്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കാനിരിക്കുകയാണ്.