എംപി സ്ഥാനം: മുഹമ്മദ് ഫൈസലിന്റെ ഹര്‍ജി ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും
Monday, March 27, 2023 11:56 AM IST
ന്യൂഡല്‍ഹി: എംപി സ്ഥാനം പുനഃ സ്ഥാപിക്കാത്തതിനെതിരേ മുഹമ്മദ് ഫൈസല്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും.
ഹൈക്കോടതി ശിക്ഷാവിധി താത്ക്കാലികമായി മരവിപ്പിച്ചെങ്കിലും എംപി സ്ഥാനം പുനഃ സ്ഥാപിക്കുന്നതില്‍ ലോക് സഭാ സെക്രട്ടറി വീഴ്ച വരുത്തിയെന്ന് കാട്ടി മുഹമ്മദ് ഫൈസല്‍ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ അഭിഭാഷകരായ മനു അഭിഷേക് സിംഗ്വി, കെ.ആര്. ശശിഭൂഷണും ഈ ഹര്‍ജിക്കാര്യം തിങ്കളാഴ്ച പരാമര്‍ശിച്ചു. ഇത് ഏപ്രില്‍ അഞ്ചിന് കേള്‍ക്കാമെന്ന് ആദ്യം ചീഫ് ജസ്റ്റീസ് മറുപടി പറഞ്ഞു.
എന്നാല്‍ ഹര്‍ജി അടിയന്തരമായി കേള്‍ക്കേണ്ടതാണെന്നും ഫൈസലിന്റെ ശിക്ഷാവിധി മരവിപ്പിച്ചതിനെതിരേ ലക്ഷദ്വീപ് ഭരണകൂടം സമര്‍പ്പിച്ച ഹര്‍ജി ചൊവ്വാഴ്ച കോടതിക്ക് മുന്നില്‍ എത്തുന്നുണ്ടെന്നും അഭിഭാഷകര്‍ ബോധിപ്പിച്ചു.
ഇതോടെ ലക്ഷദ്വീപിന്റെ അപ്പീലിനൊപ്പം ഈ ഹര്‍ജിയും പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കുകയായിരുന്നു. കോടതിയലക്ഷ്യ ഹര്‍ജിയാണ് മുഹമ്മദ് ഫൈസല്‍ ലോക്സഭാ സെക്രട്ടറി ജനറലിന് എതിരായി നല്‍കിയിരിക്കുന്നത്.
കീഴ്ക്കോടതി തന്റെ ശിക്ഷ മരവിപ്പിച്ചതോടെ അയോഗ്യത ഇല്ലാതായി. എന്നാല്‍ അത് കണക്കിലെടുത്ത് തന്റെ എംപി സ്ഥാനം തിരികെ നല്‍കാനുള്ള നടപടികള്‍ പാര്‍ലമെന്റില്‍നിന്നും ഉണ്ടാകുന്നില്ല എന്നാണ് മുഹമ്മദ് ഫൈസല്‍ പറയുന്നത്. പാര്‍ലമെന്റിന്റെ രണ്ട് പ്രധാനപ്പെട്ട സെഷനുകള്‍ തനിക്ക് നഷ്ടമായതായും അദ്ദേഹം ആരോപിക്കുന്നു.