രാഹുല്‍ ഗാന്ധിയുടെ അയോഗ്യത; ലോക്സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്കി
Monday, March 27, 2023 11:01 AM IST
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ സംഭവത്തില്‍ കോണ്‍ഗ്രസ് ലോക്സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്കി. മനീഷ് തിവാരി എംപിയാണ് നോട്ടീസ് നല്‍കിയത്.
രാജ്യസഭയില്‍ രാഹുലിനെതിരായ നടപടി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷവും നോട്ടീസ് നല്കി. ബിനോയ് വിശ്വം എംപിയാണ് നോട്ടീസ് നല്‍കിയത്.
ഒഴിഞ്ഞുകിടക്കുന്ന മണ്ഡലങ്ങളുടെ പട്ടികയിലേക്ക് വയനാട് മണ്ഡലം ലോക്സഭാ സെക്രട്ടറിയേറ്റ് ഉള്‍പ്പെടുത്തി. രാഹുലിനെതിരായ നടപടിയില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റില്‍ ഇന്ന് കോണ്‍ഗ്രസ് എംപിമാര്‍ കറുത്ത വസ്ത്രം ധരിച്ചാണ് എത്തിയത്.
അതേസമയം ബിജെപിക്കെതിരായ പ്രതിഷേധപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേർന്നു. ഇടഞ്ഞുനിന്ന തൃണമൂല്‍ കോണ്‍ഗ്രസ്, ബിആര്‍എസ് അടക്കമുള്ള പാര്‍ട്ടികളും കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ പങ്കെടുത്തു.