ഇന്നസെന്റിനു പകരം വയ്ക്കാൻ മറ്റൊരാളില്ലെന്ന് പ്രതിപക്ഷ നേതാവ്
Sunday, March 26, 2023 11:59 PM IST
തിരുവനന്തപുരം: പതിറ്റാണ്ടുകൾ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നമുക്കൊപ്പം നടന്ന ഇന്നസെന്റ് ഇന്ന് വേദനിപ്പിക്കുന്ന ഓർമ്മയായിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വാക്കിലും നോക്കിലും പെരുമാറ്റത്തിലും ഹ്യൂമർ സെൻസിന്റെ മധുരം നിറച്ച ഒരാൾ. അഭിനയത്തിലും എഴുത്തിലും അത്രമേൽ ആത്മാർഥത കാട്ടിയ ഒരാൾ. നിഷ്ക്കളങ്കമായ ഒരു ചിരി കൊണ്ട് സ്വന്തം പേരിനെ അന്വർഥമാക്കിയ ഒരാൾ. അതിലേറെ ശരീരത്തെ കാർന്നു കൊണ്ടിരിക്കുന്ന രോഗത്തെ ധീരതയോടെ നേരിടുകയും സമൂഹത്തിന് ഒന്നാകെ ധൈര്യം പകർന്ന് നൽകുകയും ചെയ്തൊരാൾ. ഇന്നസെന്റിന് പകരം വയ്ക്കാൻ മറ്റൊരാളില്ലെന്നും അദ്ദേഹം പറഞ്ഞു.
സിനിമയിൽ സൃഷ്ടിച്ച കഥാപാത്രങ്ങളെ പോലെ ജീവിതത്തിലും പല വേഷങ്ങൾ. ഇരിഞ്ഞാലക്കുട നഗരസഭ മുതൽ ഇന്ത്യൻ പാർലമെന്റ് വരെ നീണ്ട രാഷ്ട്രീയ ജീവിതം. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് 18 വർഷം. അറുനൂറിലധികം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇന്നസെന്റ് മലയാള സിനിമയെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തിയ ഹാസ്യതാരങ്ങളില്‍ ഒരാളാണ്.
എന്റെ കൗമാരത്തിലും യൗവനത്തിലും ഇന്നസെന്റ് സ്ക്രീനിൽ നിറഞ്ഞാടുകയായിരുന്നു. 80കളിലും 90 കളിലും വർഷത്തിൽ നാൽപ്പതും നാൽപത്തഞ്ചും സിനിമകൾ വരെ ചെയ്തു. പ്രത്യേക ശരീരഭാഷയും സംഭാഷണ ശൈലിയും അനുപമമായ അഭിനയസിദ്ധിയും കൊണ്ട് ഇന്നസെന്റെന്ന ഇരിങ്ങാലക്കുടക്കാരൻ അരനൂറ്റാണ്ട് മലയാള സിനിമക്കൊപ്പം നടന്നു. അദ്ദേഹത്തിന്റെ വിയോഗം ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണ്.
കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ആരാധകരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും സതീശൻ കൂട്ടിച്ചേർത്തു.