കൈക്കൂലി കേസിലും കൈക്കൂലി: വിജിലൻസ് ഡിവൈഎസ്പിക്ക് സസ്പെൻഷൻ
Sunday, March 26, 2023 7:11 PM IST
തിരുവനന്തപുരം: കൈക്കൂലി കേസിൽ കുടുങ്ങിയ പ്രതിയെ രക്ഷിക്കാൻ കൈക്കൂലി വാങ്ങിയെന്ന കേസിൽ അന്വേഷണം നേരിടുന്ന വിജിലൻസ് ഡിവൈഎസ്പി പി. വേലായുധാൻ നായരെ സസ്പെൻഡ് ചെയ്തു. വിജിലൻസ് മേധാവിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പാണ് ഉത്തരവിറക്കിയത്.
വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ തിരുവനന്തപുരം സ്പെഷൽ സെൽ ഡിവൈഎസ്പിയാണ് വേലായുധാൻ നായർ. കൈക്കൂലി കേസിൽ പിടിയിലായ പത്തനംതിട്ട നഗരസഭാ സെക്രട്ടറിയെ കേസിൽ നിന്നു രക്ഷിക്കാനായി മകന്റെ ബാങ്ക് അക്കൗണ്ടിൽ 50,000 രൂപ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
വേലായുധൻ നായരുടെ ഓഫീസിലും കഴക്കൂട്ടത്തെ വീട്ടിലും കഴിഞ്ഞ ദിവസങ്ങളിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു. വീട്ടിലെ പരിശോധനയ്ക്കിടെ വേലായുധൻ നായർ മുങ്ങി. അറസ്റ്റ് ഭയന്നാണു മുങ്ങിയതെന്നായിരുന്നു ആരോപണം.