ലോകത്തിലെ ഏറ്റവും ഉയരംകൂടിയ റെയിൽവേ പാലം കാഷ്മീരിൽ ഒരുങ്ങുന്നു
Sunday, March 26, 2023 11:10 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരിൽ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ പാലം ഉടൻ തുറന്നുനൽകും. ചെനാബ് നദിക്ക് കുറുകെയാണ് പാലം നിർമിക്കുന്നത്.
നദിയിൽ നിന്ന് 359 മീറ്റർ (1,178 അടി) ഉയരത്തിലാണ് ലോകം കാത്തിരിക്കുന്ന ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ഒരുങ്ങുന്നത്. പാരീസിലെ ഈഫൽ ടവറിനേക്കാൾ 35 മീറ്റർ കൂടുതൽ ഉയരമുണ്ടാകും ഈ പാലത്തിന്.
ജമ്മു കാഷ്മീരിലെ റിയാസി ജില്ലയിൽ ബക്കലിനും കൗരിക്കും ഇടയിലാണ് പാലം നിർമിക്കുന്നത്. 35000 കോടി രൂപയുടെ സ്വപ്ന പദ്ധതിയായ ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽവേ ലിങ്കിന്റെ (USBRL) ഭാഗമാണിത്.
രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷമാണ് ജമ്മുകാഷ്മീരിൽ നിവാസികൾക്ക് ഈ പാലം ലഭിക്കുന്നത്. 2003-ൽ പദ്ധതിക്ക് അനുമതി ലഭിച്ചെങ്കിലും സുരക്ഷ ഭയന്ന് വൈകുകയായിരുന്നു. 2008ൽ അന്നത്തെ സർക്കാരാണ് റെയിൽവേ പാലം നിർമിക്കുന്നതിനുള്ള കരാർ നൽകിയത്.
ചെനാബ് റെയിൽവേ പാലത്തിൽ എല്ലാവിധ പരിശോധനകളും നടത്തി വിജയിച്ചതായി കേന്ദ്ര റെയിൽവേ, കമ്മ്യൂണിക്കേഷൻസ്, ഇലക്ട്രോണിക്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.