ബെയർസ്റ്റോയ്ക്ക് പകരം ഷോർട്ടിനെ ഇറക്കാൻ കിംഗ്സ്
Saturday, March 25, 2023 8:38 PM IST
മൊഹാലി: പരിക്കിനെത്തുടർന്ന് ഐപിഎല്ലിൽ നിന്ന് പിന്മാറിയ ഇംഗ്ലിഷ് താരം ജോണി ബെയർസ്റ്റോയ്ക്ക് പകരം ഓസീസ് യുവതാരം മാത്യു ഷോർട്ടിനെ രംഗത്തിറക്കാൻ പഞ്ചാബ് കിംഗ്സ്.
ഓസീസ് ദേശീയ കുപ്പായത്തിൽ ഇതുവരെ അവസരം ലഭിച്ചിട്ടില്ലെങ്കിലും ബിഗ് ബാഷ് ലീഗിലെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടിയ താരമാണ് ഷോർട്ട്. അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സിന്റെ താരമായ ഷോർട്ട് 458 റൺസാണ് കഴിഞ്ഞ സീസണിൽ അടിച്ചുകൂട്ടിയത്.
35.23 ശരാശരിയിൽ റൺസ് നേടിയ ഷോർട്ട് ടൂർണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 7.13 എക്കോണമി നിരക്കിൽ 11 വിക്കറ്റുകളും താരം കരസ്ഥമാക്കിയിരുന്നു. ഹൊബാർട്ട് ഹറിക്കേൻസിനെതിരായ 230 റൺസിന്റെ കൂറ്റൻ ചേസിൽ ശതകം നേടിയാണ് ഈ ഇടംകൈയൻ ബാറ്റർ ക്രിക്കറ്റ് ആരാധകർക്കിടയിൽ പ്രശസ്തനായത്.
27 വയസുകാരനായ ഷോർട്ടിനെ ടീമിലെത്തിക്കാനായി മുടക്കിയ തുക എത്രയാണെന്ന് കിംഗ്സ് വ്യക്തമാക്കിയിട്ടില്ല. ബെയർസ്റ്റോ ഈ സീസൺ ഐപിഎല്ലിൽ നിന്ന് പിന്മാറിയതായും ഷോർട്ടിനെ ടീമിൽ ഉൾപ്പെടുത്തിയതായും ട്വിറ്ററിലൂടെയാണ് ടീം അറിയിച്ചത്.
2022 സെപ്റ്റംബറിൽ ഇടതുകാലിനേറ്റ പരിക്ക് മൂലം ഏറെ നാൾ ബെയർസ്റ്റോ കളിക്കളത്തിന് പുറത്തായിരുന്നു. പരിക്ക് പൂർണമായും ഭേദമാകാത്തതിനാലും ആഷസ് പരമ്പരയ്ക്ക് തയാറാകാനുമാണ് ബെയർസ്റ്റോ ഐപിഎല്ലിൽ നിന്ന് പിന്മാറിയത്.