പി.കെ. ശശിക്ക് തിരിച്ചടി; പാർട്ടി അറിയാതെ പിരിച്ച തുക തിരിച്ചുപിടിക്കാൻ സിപിഎം
Saturday, March 25, 2023 4:24 PM IST
പാലക്കാട്: സിപിഎം പാലക്കാട് ജില്ല സെക്രട്ടേറിയേറ്റ് അംഗവും മുൻ എംഎൽഎയുമായ പി.കെ. ശശി ചെയർമാനായ യൂണിവേഴ്സൽ കോളജിലേക്ക് വിവിധ സഹകരണ ബാങ്കുകളില്‍നിന്ന് പാർട്ടി അറിയാതെ പിരിച്ചെടുത്ത തുക തിരിച്ചുപിടിക്കാൻ സിപിഎം ഒരുങ്ങുന്നു.
സിപിഎം ഭരിക്കുന്ന കുമരംപുത്തൂർ സർവീസ് സഹകരണ ബാങ്ക് നൽകിയ 1.36 കോടി രൂപ തിരിച്ച് ആവശ്യപ്പെടാൻ ഭരണ സമിതി യോഗത്തിൽ തീരുമാനമായി. 19 അംഗ ഭരണ സമിതി യോഗത്തിൽനിന്ന് പ്രസിഡന്റ് ഉൾപ്പെടെ നാലു പേർ വിട്ടുനിന്നു.
മണ്ണാര്‍ക്കാട് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിലാണ് യൂണിവേഴ്സല്‍ ആര്‍ട്സ് ആൻഡ് സയൻസ് കോളജിന്റെ പ്രവര്‍ത്തനം. കോളജ് 5.45 കോടിയുടെ നഷ്ടം നേരിടുന്നതായി 2020-21 ലെ സഹകരണ ഓഡിറ്റ് വ്യക്തമാക്കുന്നു. ഈ സ്ഥാപനത്തിലേക്കാണ് സിപിഎം നിയന്ത്രണത്തിലുളള വിവിധ സഹകരണ ബാങ്കുകളില്‍നിന്ന് 5.49 കോടി രൂപ പാർട്ടി അറിയാതെ ഓഹരിയായി ശേഖരിച്ചത്.
ഇത് മണ്ണാർക്കാട്ടെ സിപിഎമ്മിൽ വലിയ പൊട്ടിത്തെറിക്ക് ഇടയാക്കിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിൽ ഇക്കാര്യത്തിലടക്കം ശശിക്കെതിരെയുള്ള പരാതികളിൽ അന്വേഷണം നടക്കുകയാണ്.
അതിനിടെയാണ് കുമരംപുത്തൂർ സർവീസ് സഹകരണ ബാങ്ക് നൽകിയ 1.36 കോടി തിരിച്ചുപിടിക്കാൻ സിപിഎം തീരുമാനിച്ചത്. ഈ 1.36 കോടി രൂപയിൽ 25 ലക്ഷം രൂപ സ്ഥിര നിക്ഷേപവും ബാക്കി തുക ഓഹരിയുമാണ്. കഴിഞ്ഞ അഞ്ച് വർഷമായി ഒരു രൂപപോലും ബാങ്കിന് ഇതിൽനിന്ന് ലാഭം കിട്ടിയില്ല.
ഇത്രയും തുക മുടങ്ങി കിടക്കുന്നത് മൂലം ബാങ്കിനു വലിയ നഷ്ടമാണ് സംഭവിച്ചതെന്നും ഭരണസമിതി വിലയിരുത്തി. ഇനി മുതൽ 5,000 രൂപയ്ക്ക് മേൽ നൽകുന്ന ഏത് സംഭാവനയും ബാങ്ക് ഭരണസമിതി അറിഞ്ഞിരിക്കണമെന്നും നിർദേശമുണ്ട്.
കൂടാതെ യൂണിവേഴ്സൽ കോളജിലെ 21 കുട്ടികളെ ബാങ്ക് സ്പോൺസർ ചെയ്ത് പഠിപ്പിക്കുന്നുണ്ട്. ഇത്തരത്തിൽ ഇനി സ്പോൺസർ ചെയ്യേണ്ടെന്നാണ് ഭരണസമിതിയുടെ തീരുമാനം.
ഭരണസമിതി യോഗത്തിൽനിന്ന് പ്രസിഡന്റ് എൻ. മണികണ്ഠൻ, മൂഹമ്മദ് ഷനൂപ്, മൈലം കോട്ടിൽ നാസർ, കൃഷ്ണകുമാർ എന്നിവരാണ് വിട്ടുനിന്നത്. ഇവരോട് പാർട്ടി വിശദീകരണം ചോദിക്കുമെന്നാണ് അറിയുന്നത്.