ലാത്തിച്ചാര്‍ജ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെ, ബിജെപിയെ സന്തോഷിപ്പിക്കാനുള്ള ശ്രമം; സതീശന്
Saturday, March 25, 2023 12:46 PM IST
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ലാത്തിച്ചാര്‍ജ് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. പ്രതിഷേധം നടത്തുന്നവരുടെ തലയടിച്ച് പൊട്ടിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് നേരിട്ട് ഉത്തരവ് നല്‍കിയിരിക്കുകയാണെന്നും സതീശന് ആരോപിച്ചു.
രാഹുലിനെ പിന്തുണച്ച് പ്രസ്താവന നടത്തിയതിന് ശേഷം മറുവശത്ത് പ്രതിഷേധിക്കുന്നവരുടെ തലയടിച്ച് പൊട്ടിക്കുന്നത് ബിജെപിയെ സന്തോഷിപ്പിക്കാനാണ്. വെള്ളിയാഴ്ച രാജ്ഭവന്റെ മുന്നിലേയ്ക്കും കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേയ്ക്കും നടന്ന യൂത്ത് കോൺഗ്രസ്- കെഎസ്യു
പ്രതിഷേധമാര്‍ച്ചില്‍ പോലീസ് നടത്തിയത് ക്രൂരമായ നരനായാട്ടാണ്.
തിരഞ്ഞുപിടിച്ച് തലയടിച്ച് പൊട്ടിക്കുകയായിരുന്നു. അരഡസനിലധികം പ്രവര്‍ത്തകരാണ് ഗുരുതരപരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്നതെന്നും സതീശന് പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ വേട്ടയാടാനുള്ള സംഘപരിവാര്‍ അജണ്ടയ്ക്കെതിരായി യുഡിഎഫും സമരം തുടങ്ങുകയാണെന്നും സതീശന് കൂട്ടിചേര്‍ത്തു. യുഡിഎഫിന്റെ എല്ലാ ഘടകക്ഷികളും ഈ പോരാട്ടത്തില്‍ പിന്തുണ പ്രഖ്യാപിച്ചതായും സതീശന് അറിയിച്ചു.