ഡബിൾ സ്ട്രോംഗ് എംബാപെ; നെതർലൻഡ്സിനെ തരിപ്പണമാക്കി ഫ്രാൻസ്
Saturday, March 25, 2023 12:46 PM IST
സെന്റ് ഡെനിസ്: ഫ്രാൻസ് ദേശീയ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച മത്സരം ഡബിളടിച്ച് ആഘോഷിച്ച് കൈലിയൻ എംബാപ്പെ. യൂറോ യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് ബിയിൽ നെതർലൻഡ്സിനെതിരേ താരത്തിന് കിടിലൻ പ്രകടനം. മത്സരത്തിൽ ഫ്രാൻസ് എതിരില്ലാത്ത നാലുഗോളുകൾക്ക് ഡച്ച് പടയെ തോൽപ്പിച്ചു.
സ്റ്റേഡ് ഡി ഫ്രാൻസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ ഫ്രാൻസ് മുന്നിലെത്തി. എംബാപ്പെയുടെ പാസ് ഇടംകാൽ ഷോട്ടിലൂടെ ആൻത്വാൻ ഗ്രീസ്മാൻ വലയിലെത്തിച്ചു. എട്ടാം മിനിറ്റിൽ ദയോറ്റ് ഉപമെക്കാനോ ഫ്രാൻസിന്റെ ലീഡുയർത്തി.
21-ാം മിനിറ്റിൽ എംബാപ്പെ സ്കോർ ചെയ്തു. ക്യാപ്റ്റന്റെ ആം ബാൻഡ് ധരിച്ചുള്ള കന്നി ഗോൾ. മത്സരം പിന്നീട് എൺപത്തിയെട്ടാം മിനിറ്റിലെത്തിയപ്പോൾ എംബാപ്പെയുടെ രണ്ടാം ഗോൾ പിറന്നു. ഇതോടെ ഫ്രാൻസ് 4-0 ന് ലീഡെടുത്തു. വിജയവും ഉറപ്പിച്ചു.
യോഗ്യതാ റൗണ്ടിലെ മറ്റു മത്സരങ്ങളുടെ ഫലം
ഗ്രീസ് 3 - ജിബ്രാൾട്ടർ 0
ഫാരോ ഐലൻഡ് 1 - മോൾഡോവ 1
സെർബിയ 2 - ലിത്വാനിയ 0
ഓസ്ട്രിയ 4 - അസെർബൈജാൻ 1
ബെൽജിയം 3 - സ്വീഡൻ 0
ചെക്ക് റിപ്പബ്ലിക്ക് 3 - പോളണ്ട് 1