മുംബൈയിൽ 54കാരൻ നാല് അയൽവാസികളെ കുത്തിക്കൊന്നു; പ്രതി മാനസിക രോഗി!
Saturday, March 25, 2023 12:46 PM IST
മുംബൈ: സൗത്ത് മുംബൈയിൽ അന്പത്തിനാലുകാരൻ നാല് അയൽവാസികളെ കുത്തിക്കൊന്നു. ഒരാൾക്കു ഗുരതരമായി പരിക്കേറ്റു. ഗ്രാൻഡ് റോഡിലെ പാർവതി മാൻഷനിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കായിരുന്നു സംഭവം.
അക്രമിയുടെ ഭാര്യയും മക്കളും നാലു മാസം മുന്പ് ഇയാളെ ഉപേക്ഷിച്ചു പോയിരുന്നു. അയൽവാസികൾകാരണമാണ് ഭാര്യയും മക്കളും പോയതെന്ന് അക്രമി സംശയിച്ചിരുന്നു. കുടുംബാംഗങ്ങൾ പോയതോടെ ഇയാൾ മാനസികസംഘർഷത്തിലായിരുന്നു.
കഴിഞ്ഞദിവസം അയൽക്കാരെ കണ്ടപ്പോൾ അക്രമി വീടിനകത്തു പോയി കത്തിയെടുത്ത് അഞ്ചു പേരെ കുത്തുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും നാലു പേർ മരിച്ചു. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പോലീസ് പറഞ്ഞു. എന്നാൽ പ്രതി ഇതുവരെയും ചികിത്സ തേടിയില്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.