നിരോധിത സംഘടനയിലെ അംഗത്വം യുഎപിഎ ചുമത്താവുന്ന കുറ്റം; മുന്‍ നിലപാട് തിരുത്തി സുപ്രീം കോടതി
Friday, March 24, 2023 2:38 PM IST
ന്യൂഡല്‍ഹി: നിരോധിത സംഘടനയിലെ അംഗത്വം ഒരു വ്യക്തിയെ കുറ്റവാളിയാക്കുമെന്നും യുഎപിഎ വകുപ്പുകള്‍ പ്രകാരം കേസെടുക്കാന്‍ കഴിയുമെന്നും സുപ്രീം കോടതി. നിരോധിത സംഘടനയിലെ അംഗത്വം കൊണ്ടുമാത്രം ഒരു വ്യക്തിയെ കുറ്റവാളിയാക്കില്ല എന്ന 2011 ലെ രണ്ടംഗ ബെഞ്ചിന്റെ വിധിയാണ് സുപ്രീം കോടതി തിരുത്തിയത്.
നിരോധിത ഉള്‍ഫയുടെ പ്രവര്‍ത്തകനെന്ന് ആരോപിക്കപ്പെടുന്ന അരൂപ് ഭൂയാന്‍ നല്കിയ അപ്പീലില്‍ ജസ്റ്റീസുമാരായ മാര്‍ക്കണ്ഡേയ കട്ജു, ഗ്യാന്‍ സുധ മിശ്ര എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് 2011ലെ വിധി പുറപ്പെടുവിച്ചത്.
അക്രമത്തില്‍ ഏര്‍പ്പെടുകയോ ആളുകളെ അക്രമത്തിന് പ്രേരിപ്പിക്കുകയോ അക്രമത്തിലൂടെയോ അക്രമത്തിന് പ്രേരിപ്പിച്ചോ പൊതു അസ്വസ്ഥത സൃഷ്ടിക്കുകയോ ചെയ്യാതെ നിരോധിത സംഘടനയിലെ അംഗത്വം കൊണ്ടുമാത്രം ഒരാളെ കുറ്റവാളിയാക്കില്ലെന്നാണ് അന്ന് കോടതി വിധിച്ചത്.
യുഎപിഎ നിയമത്തിലെ സെക്ഷന്‍ 10 എ (ഐ) പ്രകാരം കേസെടുക്കാന്‍ കഴിയില്ലെന്നും കോടതി അന്ന് വിധിച്ചു. ഇത് 2014ല്‍ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് കോടതി വിട്ടിരുന്നു.
ജസ്റ്റീസ് എം.ആര്.ഷാ, ജസ്റ്റീസ് സി.ടി. രവികുമാര്‍, ജസ്റ്റീസ് സഞ്ജയ് കരോള്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് 2011ലെ വിധിയെ തിരുത്തിയത്. നിരോധിത സംഘടനയിലെ അംഗങ്ങള്‍ക്കെതിരെ യുഎപിഎ നിയമത്തിലെ സെഷന് 10 എ പ്രകാരം കേസെടുക്കാമെന്ന് കോടതി വിധി വ്യക്തമാക്കുന്നു.
2011ലെ വിധി കേന്ദ്രസര്‍ക്കാരിനെ കേള്‍ക്കാതെ ഉള്ളതായിരുന്നെന്നും കോടതി നിരീക്ഷിച്ചു. 2011ലെ വിധികള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രവും ആസാം സര്‍ക്കാരും ഹര്‍ജികള്‍ നല്‍കിയിരുന്നു.
വിധി ചരിത്രപരമെന്ന് കേന്ദ്രസോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അഭിപ്രായപ്പെട്ടു.