കേന്ദ്രസര്‍ക്കാര്‍ കോടതികളെ ദുരുപയോഗം ചെയ്യരുത്; രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് ഇ.പി
Friday, March 24, 2023 10:41 AM IST
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ച സംഭവത്തില്‍ രാഹുലിന് പിന്തുണയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്. രാഹുലിനെതിരായ വിധി നീതിന്യായ വ്യവസ്ഥയുടെ പരിപാവനതയുടെ ഭാഗമായിട്ടാണെന്ന് ജനങ്ങള്‍ക്ക് തോന്നില്ലെന്ന് ഇ.പി പറഞ്ഞു.
വിധിയും പശ്ചാത്തലവും പരിശോധിക്കുമ്പോള്‍ ജനങ്ങളില്‍ നിരവധി സംശയങ്ങള്‍ക്ക് ഇടവരും. ഇത്തരമൊരു വിധി ജനങ്ങള്‍ അംഗീകരിക്കില്ലെന്നും ഇക്കാര്യം കോടതിയും നിരീക്ഷിക്കുമെന്നാണ് കരുതുന്നതെന്നും ഇ.പി പറഞ്ഞു.
രാഷ്ട്രീയ പകപോക്കലിന് കേന്ദ്രസര്‍ക്കാര്‍ കോടതികളെയോ നീതിന്യായ വ്യവസ്ഥയെയോ ദുരുപയോഗം ചെയ്യാന്‍ പാടില്ലെന്നും ഇ.പി കൂട്ടിചേര്‍ത്തു
മോദി സമുദായത്തിനെതിരെ പരാമര്‍ശം നടത്തിയ കേസിലാണ് രാഹുലിന് രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയും 15,000 രൂപ പിഴയും വിധിച്ചത്. സൂറത്തിലെ സിജെഎം കോടതിയുടേതാണ് വിധി.