ചരിത്രം കുറിച്ച മത്സരത്തിൽ റൊണാൾഡോയ്ക്ക് ഇരട്ടഗോൾ; പോർച്ചുഗലിന് വിജയത്തുടക്കം
Friday, March 24, 2023 8:18 AM IST
ലിസ്ബൺ: ഏറ്റവുമധികം അന്താരാഷ്ട്ര ഫുട്ബോള്‍ മത്സരങ്ങള്‍ കളിക്കുന്ന താരം എന്ന റിക്കാർഡ് സ്വന്തമാക്കിയ മത്സരത്തിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് നിരാശപ്പെടുത്താനൊക്കുമോ! 2024 യുവേഫ യൂറോ കപ്പ് യോഗ്യതാ റൗണ്ടിൽ ലിച്ചെൻസ്റ്റീനെ നേരിട്ട പോർച്ചുഗലിനായി ഇരട്ടഗോൾ നേടി റൊണാൾഡോയുടെ ഗംഭീര പ്രകടനം. ഹോം മത്സരത്തിൽ പോർച്ചുഗൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് വിജയിച്ചു.
എട്ടാം മിനിറ്റിൽ ജോവോ കാൻസലോയാണ് പോർച്ചുഗല്ലിന്റെ ഗോൾവേട്ട തുടങ്ങിയത്. ബെർണാർഡോ സിൽവ (47') ഗോൾനില രണ്ടാക്കി. 51-ാം മിനിറ്റിൽ പെനൽറ്റിയിൽ നിന്ന് ലക്ഷ്യം കണ്ട റൊണാൾഡോ, 63-ാം മിനിറ്റിൽ വീണ്ടും ലക്ഷ്യം കണ്ടു. ഇതോടെ പോർച്ചുഗൽ ജഴ്സിയിൽ റൊണാൾഡോയുടെ ഗോൾ നേട്ടം 120 ആയി ഉയർന്നു. 197 മത്സരങ്ങളിൽ നിന്നാണ് പോർച്ചുഗസ് താരത്തിന്റെ നേട്ടം.
വമ്പൻ ജയം നേടിയ പോർച്ചുഗൽ ജെ ഗ്രൂപ്പിൽ ഒന്നാമതാണ്. ഞായറാഴ്ച നടക്കുന്ന രണ്ടാം മത്സരത്തിൽ പോർച്ചുഗൽ ലക്സംബർഗിനെ നേരിടും.