അരിക്കൊന്പൻ ദൗത്യത്തിന് ഹൈക്കോടതിയുടെ കൂച്ചുവിലങ്ങ്
Thursday, March 23, 2023 10:39 PM IST
കൊച്ചി: ഇടുക്കിയെ വിറപ്പിക്കുന്ന ആക്രമണകാരിയായ അരിക്കൊന്പൻ എന്ന കാട്ടാനയെ പിടിക്കാനുള്ള ദൗത്യത്തിന് കൂച്ചുവിലങ്ങിട്ട് ഹൈക്കോടതി. മാർച്ച് 29 വരെ അരിക്കൊന്പൻ ദൗത്യം നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇന്ന് രാത്രി എട്ടിന് ഓണ്ലൈനിലൂടെ പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
തിരുവനന്തപുരത്തെയും തൃശൂരിലെയും മൃഗസംരക്ഷണ സംഘടനകൾ നൽകിയ ഹർജിയിലാണ് കോടതി വിധി. അരിക്കൊന്പനെ പിടിക്കുന്നതിനായി തെറ്റായ നടപടികളാണ് വനംവകുപ്പ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ആനയെ 29 വരെ മയക്കുവെടി വയ്ക്കാൻ പാടില്ല. എന്നാൽ ഈ കാലയളവിൽ അരിക്കൊന്പനെ ട്രാക്ക് ചെയ്യുന്നതിനു വനം വകുപ്പിനു തടസമില്ലെന്നും കോടതി വ്യക്തമാക്കി.
ആനയെ പിടികൂടുന്നതിനുമുൻപ് ബദൽ മാർഗങ്ങൾ തേടണമെന്നും ശാസ്ത്രീയ മാർഗത്തിലൂടെ വേണം ആനയെ പിടികൂടാനെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. ആനയെ ഉൾക്കാട്ടിൽ വിടണമെന്നും മൃഗസംരക്ഷണ സംഘടന ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇതോടെ എന്തുകൊണ്ട് വനം വകുപ്പ് ഇക്കാര്യങ്ങൾ ചെയ്തില്ലെന്നും കോടതി ചോദിച്ചു.
ആനയെ പിടികൂടുക എന്നത് അവസാനത്തെ കാര്യമാണ്. അതിനുമുൻപ് ചെയ്യേണ്ട കാര്യങ്ങൾ ചെയ്യണം. ആനയ്ക്ക് റേഡിയോ കോളർ ഘടിപ്പിക്കാം. ആനയെ ട്രാക്ക് ചെയ്യാം. ഈ നടപടികൾ പൂർത്തിയാക്കുന്നതിനു മുൻപ് എന്തിന് ആനയെ മയക്കുവെടിവച്ച് പിടികൂടുക എന്നതിലേക്ക് കടന്നതെന്നും കോടതി ചോദിച്ചു.
മാർച്ച് 29ന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. അതുവരെ ആനയെ നിരീക്ഷിക്കണം. പൊതുമുതൽ നശിപ്പിക്കുന്നത് തടയണമെന്നും ഇതിനായി കൂടുതൽ ജീവനക്കാരെ നിയോഗിക്കാമെന്നും കോടതി വ്യക്തമാക്കി.
ഞായറാഴ്ച അരികൊന്പനെ മയക്കുവെടിവയ്ക്കുന്നതിനുള്ള തയാറെടുപ്പുകളുമായി വനംവകുപ്പ് മുന്നോട്ട് പോകുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്.