പുള്ളിമാനിറച്ചി വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ
Thursday, March 23, 2023 6:19 PM IST
മലപ്പുറം: നിലമ്പൂരിൽ പുള്ളിമാനെ വേട്ടയാടി ഇറച്ചി വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. എരുമുണ്ട സ്വദേശി ആയൂബ് ആണ് അറസ്റ്റിലായത്. വനം വകുപ്പ് അറസ്റ്റ് ചെയ്യാനെത്തിയ വേളയിൽ ഇയാളുടെ സഹായിയായ മുജീബ് ഓടി രക്ഷപ്പെട്ടു.
കാഞ്ഞിരപ്പുഴ ഡിവിഷനിലെ റിസർവ് വനത്തിൽ വച്ചാണ് യുവാക്കൾ പുള്ളിമാനെ വേട്ടയാടിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കവെ ബൈക്ക് മറിഞ്ഞ് യുവാക്കൾക്ക് പരിക്കേറ്റു.
ആയൂബിന്റെ പക്കൽ നിന്ന് പുള്ളിമാനിറച്ചിയും നാടൻ തോക്ക്, കത്തി എന്നിവയും പിടിച്ചെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.