കോടതിക്കുള്ളിൽ യുവതിക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം
Thursday, March 23, 2023 5:58 PM IST
കോയമ്പത്തൂർ: കേസിന്റെ വാദത്തിനായി കോയമ്പത്തൂർ കോടതി സമുച്ചയത്തിലെത്തിയ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തി ഭർത്താവ്. കാവേരി നഗർ സ്വദേശി കവിത(33) ആണ് ആക്രമണത്തിനിരയായയത്.
2016-ൽ രജിസ്റ്റർ ചെയ്യപ്പെട്ട മാലമോഷണക്കേസിലെ പ്രതിയായ കവിത, കേസിന്റെ തുടർനടപടികൾക്കായി എത്തിയ വേളയിലാണ് ആക്രമിക്കപ്പെട്ടത്.
ജുഡീഷ്യൽ രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് കോടതിമുറിക്ക് പുറത്ത് കാത്തുനിൽക്കുകയായിരുന്ന കവിതയുമായി ഭർത്താവ് ശിവ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് കൈവശം കരുതിയ ആസിഡ് കവിതയുടെ മുഖത്തേക്ക് ശിവ ഒഴിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കവിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശിവയെ തടയാൻ ശ്രമിക്കുന്നതിനിടെ ഒരു അഭിഭാഷകനും പരിക്കേറ്റു. ആക്രമണം നടന്നയുടൻ ശിവയെ അഭിഭാഷകർ മർദിച്ച് കീഴ്പ്പെടുത്തിയ ശേഷം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.