സൂറത്ത്: മോദി സമുദായത്തെ അപമാനിച്ചെന്ന മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ടുവർഷത്തെ തടവുശിക്ഷയും 15,000 രൂപ പിഴയും വിധിച്ച് കോടതി. സൂറത്തിലെ സിജെഎം കോടതിയുടേതാണ് നിർണായക വിധി. 2019ൽ കർണാടകയിൽവച്ച് നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലെ പരാമർശമാണ് രാഹുലിന് വിനയായത്.

എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദിയെന്ന പേര് എന്തുകൊണ്ടെന്ന പരാമർശമാണ് രാഹുൽ നടത്തിയത്. ഇതിനെതിരേ ഗുജറാത്ത് മുൻമന്ത്രി പൂർണേഷ് മോദി കോടതിയെ സമീപിക്കുകയായിരുന്നു. വിധി ന്യായം കേൾക്കാൻ സൂറത്തിലെ കോടതിയിൽ രാഹുൽ എത്തിയിരുന്നു.

ഈ കേസിലെ പരമാവധി ശിക്ഷ രാഹുലിന് നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കർണാടകയിലെ കോലാറിൽ നടന്ന റാലിയിലാണ് രാഹുലിന്‍റെ വിവാദ പരാമർശമുണ്ടായത്.

‘നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി ഇവര്‍ക്കെല്ലാം എങ്ങനെയാണ് മോദി എന്ന പേര് ലഭിച്ചത്? എല്ലാ കള്ളന്‍മാര്‍ക്കും മോദി എന്ന പേര് ലഭിച്ചത് എങ്ങനെയാണ്’ എന്ന രാഹുലിന്‍റെ പ്രസംഗത്തിലെ പരാമര്‍ശമാണ് കേസിന് ആസ്പദമായത്.

എന്നാല്‍ മോദി എന്ന പേരുള്ള എല്ലാവരെയും താന്‍ അപമാനിച്ചിട്ടില്ല എന്നും മാപ്പ് പറയാൻ തയാറല്ലെന്നുമാണ് രാഹുല്‍ ഗാന്ധിയുടെ വിശദീകരണം.