ഒപ്പുവയ്ക്കാനുള്ള ബില്ലുകളില്‍ ഉടന്‍ തീരുമാനമെടുക്കും: ഗവര്‍ണര്‍
Wednesday, March 22, 2023 11:51 AM IST
ന്യൂഡല്‍ഹി: സര്‍വകലാശാല ഭേദഗതി ബിൽ ഉൾപ്പെടെ ഇനി ഒപ്പിടാനുള്ള ബില്ലുകളില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഭരണഘടനാപരമായ കര്‍ത്തവ്യം നിർവഹിക്കലാണ് തന്റെ ജോലിയെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.
ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദമായ സര്‍വകലാശാല ഭേദഗതി ബില്‍, ലോകായുക്ത ബില്‍ എന്നിവയുള്‍പ്പെടെയുള്ള ആറ് ബില്ലുകളിലാണ് ഇനി ഗവര്‍ണര്‍ ഒപ്പുവയ്ക്കാനുള്ളത്.
വഖഫ് നിയമനം പിഎസ്സിക്ക് വിട്ടത് റദ്ദാക്കാനുള്ള ബില്ലിലും മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാനുള്ള ബില്ലിലും ഗവര്‍ണര്‍ നേരത്തെ ഒപ്പുവച്ചിരുന്നു.
തെലങ്കാന ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതുപോലെ കേരളവും സമീപിച്ചാലോ എന്ന ചോദ്യത്തിന് അത് ഓരോരുത്തരുടെയും അവകാശമാണെന്നായിരുന്നു ഗവര്‍ണറുടെ മറുപടി.