പിണറായി സർക്കാർ തികഞ്ഞ പരാജയം; സമരം ആളിക്കത്തിക്കാന്‍ യുഡിഎഫ്
പിണറായി സർക്കാർ തികഞ്ഞ പരാജയം; സമരം ആളിക്കത്തിക്കാന്‍ യുഡിഎഫ്
Wednesday, March 22, 2023 11:11 AM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നിയമസഭ പിരിഞ്ഞെങ്കിലും സര്‍ക്കാരിനെതിരായ സമരം ആളിക്കത്തിക്കാന്‍ യുഡിഎഫ്. പിണറായി സർക്കാർ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചിരിക്കുന്ന ഇന്ധനസെസിനെതിരേ പുതിയ സമരപരിപാടികൾ യുഡിഎഫ് നേതൃത്വം ആസൂത്രണം ചെയ്തു.

ഏപ്രിൽ ഒന്നിന് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരപരിപാടികളിൽ സർക്കാരിന്‍റെ സ്വജനപക്ഷപാതവും അഴിമതിയും ധൂർത്തും ജനങ്ങളുടെ മുന്നിൽ തുറന്ന് കാട്ടാനുമാണ് തീരുമാനം. മണ്ഡലം തലത്തിൽ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് ശേഷം ജില്ലാ കേന്ദ്രങ്ങളിലേക്കും സമരം വ്യാപിപ്പിക്കും.

മേയ് രണ്ടാം വാരത്തിൽ സെക്രട്ടേറിയറ്റ് വളഞ്ഞുള്ള സമര പരിപാടികൾക്കാണ് കോണ്‍ഗ്രസും യുഡിഎഫ് നേതൃത്വവും രൂപം നൽകിയിരിക്കുന്നത്. പിണറായി സർക്കാരിന്‍റെ രണ്ടാം വാർഷികം സർക്കാരിനെതിരെയുള്ള കുറ്റപത്രം നൽകി ജനകീയ വിചാരണ ഉൾപ്പെടെയുള്ള സമര പരിപാടികൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.


സമസ്ത മേഖലകളിലും സർക്കാർ പരാജയപ്പെട്ടെന്നും ഇതെല്ലാം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ നേതൃത്വത്തില്‍ സഭയ്ക്കകത്തു സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞതായും ഇന്ധന വില വര്‍ധനയ്ക്കെതിരേ നടത്തിയ സമരത്തേക്കാള്‍ കൂടുതല്‍ ‘മൈലേജ് ' നിയമസഭയ്ക്കകത്തെ പ്രതിഷേധത്തിനു ലഭിച്ചതായും കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നു. പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിനും സമാനമായ അഭിപ്രായമാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<