മാര്‍ പവ്വത്തിലിന്റെ കബറടക്കം ഇന്ന്
Wednesday, March 22, 2023 7:25 PM IST
ചങ്ങനാശേരി: ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ കബറടക്കം സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് നടക്കും. രാവിലെ 9.30ന് സംസ്കാരശുശ്രൂഷയുടെ രണ്ടാംഭാഗം കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ നയിക്കും.
സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധകുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉള്‍പ്പെടെ അമ്പതോളം ബിഷപ്പുമാര്‍ സഹകാര്‍മികരായിരിക്കും.
സീറോമലങ്കര സഭാ മേജര്ആര്ച്ച് ബിഷപ് കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ലത്തീന്‍സഭാ പ്രതിനിധി കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കും. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുവേണ്ടി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി അയച്ച അനുശോചന സന്ദേശം ബിഷപ് മാര്‍ തോമസ് പാടിയത്ത് വായിക്കും.
ചെമ്പ് പട്ടയില്‍ കൊത്തി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സാക്ഷ്യപ്പെടുത്തി കൈയൊപ്പു വച്ച മാര്‍ പവ്വത്തിലിന്റെ ജീവിതരേഖ ഭൗതികശരീരത്തോടൊപ്പം പെട്ടിയില്‍ വച്ചാണ് അടക്കംചെയ്യുന്നത്. മെത്രാപ്പോലീത്തന്‍ പള്ളിയോടു ചേര്‍ന്നുള്ള മര്‍ത്ത്മറിയം കബറിട പള്ളിയിലാണ് ഭൗതികശരീരം സംസ്കരിക്കുന്നത്.