ചൈനയ്ക്ക് നിഷ്പക്ഷനാകാൻ കഴിയില്ല; മധ്യസ്ഥ ശ്രമങ്ങളെ തള്ളി യുഎസ്
Wednesday, March 22, 2023 6:37 AM IST
വാഷിംഗ്ടൺ: യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ചൈനയുടെ മധ്യസ്ഥ ശ്രമങ്ങളെ രൂക്ഷമായി വിമർശിച്ച് യുഎസ്. മോസ്കോയ്ക്കും കീവിനും ഇടയിലെ നിഷ്പക്ഷനായ മധ്യസ്ഥനാകാൻ ചൈനയ്ക്ക് കഴിയില്ലെന്ന് വൈറ്റ് ഹൗസ് വിമർശിച്ചു.
അധിനിവേശം അവസാനിപ്പിക്കാൻ ഇടനിലക്കാരനാകാനുള്ള ചൈനയുടെ നീക്കങ്ങൾക്ക് എതിരായ യുഎസിന്റെ നേരിട്ടുള്ള വിമർശനമാണിത്. ചൈനയെ ഒരു തരത്തിലും നിഷ്പക്ഷനായി കാണാൻ കഴിയുമെന്ന് കരുതുന്നില്ലെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ ചൈന ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. റഷ്യയുമായി നിലവിലുള്ള സൈനിക-വ്യാപാര സഹകരണം ചൈന തുടർന്നുവരുന്നു. മോസ്കോയിലെ ഊർജ വ്യവസായങ്ങൾക്ക് പടിഞ്ഞാറൻ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയപ്പോഴും റഷ്യയുടെ എണ്ണ വാങ്ങുന്നത് ചൈന തുടർന്നുവെന്നും കിർബി ചൂണ്ടിക്കാട്ടി.
റഷ്യൻ സന്ദർശനം നടത്തുന്ന ചൈന പ്രസിഡന്റ് ഷി ചിൻപിംഗും റഷ്യൻ പ്രസിഡന്റ് പുടിനും യുക്രെയ്ൻ അധിനിവേശത്തെ സംബന്ധിച്ച് ചർച്ച നടത്തിയതിന് പിന്നാലെയാണ് യുഎസിന്റെ വിമർശനം. യുക്രെയ്നിലെ യുദ്ധം അവരുടെ അജണ്ടയിൽ ഉയർന്നതാണെന്നും വൈറ്റ് ഹൗസ് ആരോപിച്ചു.
യുക്രെയ്ൻ യുദ്ധത്തിനുശേഷമുള്ള റഷ്യ-ചൈന വ്യാപരബന്ധത്തെക്കുറിച്ച് പുടിനും ഷിയും കഴിഞ്ഞ ദിവസം ചർച്ച ചെയ്തിരുന്നു. റഷ്യയുമായി എല്ലാമേഖലകളിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുകയാണു ലക്ഷ്യമെന്നു ഷീ ചിൻപിംഗ് ചർച്ചയ്ക്കുശേഷം വെളിപ്പെടുത്തി.
യുക്രെയ്ൻ പ്രതിസന്ധി മറികടക്കാനുള്ള ചൈനീസ് നിർദേശത്തെക്കുറിച്ചും ഇരു നേതാക്കളും ചർച്ച നടത്തി.
..............................................................