ബെയർസ്റ്റോ ഐപിഎൽ കളിക്കാനില്ല; പഞ്ചാബ് കിംഗ്സിന് തിരിച്ചടി
Wednesday, March 22, 2023 2:23 AM IST
മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ പുതിയ സീസണിൽ പഞ്ചാബ് കിംഗ്സിന്റെ സ്റ്റാര്‍ ഇംഗ്ലീഷ് ബാറ്റര്‍ ജോണി ബെയർസ്റ്റോ കളിക്കില്ല. പരിക്കേറ്റു വിശ്രമത്തിലുള്ള താരത്തിന് ഐപിഎൽ സീസൺ നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. പുതിയ സീസൺ ഈ മാസം അവസാനം ആരംഭിക്കാനിരിക്കെ ബെയര്‍സ്റ്റോയെ നഷ്ടപ്പെട്ടത് പഞ്ചാബ് കിംഗ്സിന് കനത്ത തിരിച്ചടിയായി.
വരാനിരിക്കുന്ന ആഷസ് പരമ്പര മുന്‍നിര്‍ത്തി ഐപിഎല്ലില്‍ തിടുക്കത്തില്‍ കളിക്കണ്ട എന്ന് താരം തീരുമാനിക്കുകയായിരുന്നു എന്നാണ് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം പരിക്ക് ഏറെ ഭേദമായ ബെയര്‍സ്റ്റോ പരിശീലനവും നെറ്റ്സ് പ്രാക്ടീസ് സെഷനും ആരംഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
2022 സെപ്റ്റംബറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഗോള്‍ഫ് കളിക്കുന്നതിന് ഇടയിലാണ് ബെയര്‍സ്റ്റോയുടെ ഇടംകാലിലെ കുഴയ്ക്ക് പരിക്കേറ്റത്. താരത്തിന് ട്വന്റി-20 ലോകകപ്പും പാക്കിസ്ഥാന്, ന്യൂസിലന്‍ഡ് പര്യടനങ്ങളും നഷ്ടമായിരുന്നു. ഐപിഎല്ലില്‍ കളിക്കില്ലെങ്കിലും കൗണ്ടി ക്രിക്കറ്റില്‍ യോര്‍ക്ക്ഷൈറിനായി താരം കളിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.