ഫൈനൽ ഉറപ്പിച്ച് ഡൽഹി
Tuesday, March 21, 2023 11:18 PM IST
മുംബൈ: വനിതാ പ്രീമിയർ ലീഗിൽ ഫൈനൽ ബെർത്ത് ഉറപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്. യുപി വാരിയേഴ്സിനെതിരെ നേടിയ അഞ്ച് വിക്കറ്റ് വിജയത്തോടെയാണ് ക്യാപിറ്റൽസ് കപ്പിനരികെ എത്തിയത്.
12 പോയിന്റുള്ള ക്യാപിറ്റൽസ് മികച്ച റൺനിരക്കിന്റെ(+ 1.856) അടിസ്ഥാനത്തിലാണ് ഫൈനൽ ഉറപ്പിച്ചത്. സമാന പോയിന്റുള്ള മുംബൈ ഇന്ത്യൻസിന്റെ റൺനിരക്ക് + 1.711 ആണ്. പോയിന്റ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനത്തുള്ള മുംബൈ, യുപി വാരിയേഴ്സ് എന്നിവർ നോക്ക്ഔട്ട് പോരാട്ടത്തിലൂടെ ഫൈനലിൽ ഇടം നേടാൻ ശ്രമിക്കും.
ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ യുപി ഉയർത്തിയ 139 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ക്യാപിറ്റൽസ് 13 പന്ത് ബാക്കി നിൽക്കെ വിജയം കണ്ടു.
സ്കോർ:
യുപി വാരിയേഴ്സ് 138/6(20)
ഡൽഹി ക്യാപിറ്റൽസ് 142/5(17.5)
മെഗ് ലാനിംഗ്(39), മരിസാനെ കാപ്(34*), അലീസ് കാപ്സി(34) എന്നിവരുടെ മികവിലാണ് ക്യാപിറ്റൽസ് വിജയതീരത്ത് എത്തിയത്. താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലെത്താൻ ബാറ്റർമാർ തിടുക്കം കാട്ടാതിരുന്നതോടെ റൺചേസ് മെല്ലെയാണ് നീങ്ങിയത്.
വേഗം റൺസ് കണ്ടെത്തുന്ന ഷഫാലി വർമ(21) പെട്ടെന്ന് മടങ്ങിയെങ്കിലും കാപ് - കാപ്സി സഖ്യം ശാന്തമായി ബാറ്റിംഗ് മുന്നോട്ട് നയിച്ചു. യുപിക്കായി ഷബ്നിം ഇസ്മായിൽ രണ്ടും എസ്. യശശ്രീ, സോഫി എക്ലസ്റ്റോൺ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
നേരത്തെ, 58* റൺസ് നേടിയ ടാലിയ മക്ഗ്രോയുടെ കരുത്തിലാണ് യുപി ഭേദപ്പെട്ട സ്കോറിലെത്തിയത്. ഓപ്പണർ അലീസ ഹീലി (36) മികച്ച തുടക്കം നൽകിയെങ്കിലും മറ്റ് ബാറ്റർമാർ റൺസ് കണ്ടെത്താൻ വിഷമിച്ചു.
ക്യാപിറ്റൽസിനായി കാപ്സി നാലോവറിൽ 26 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. രാധാ യാദവ് രണ്ടും ജെസ് ജോണാസൺ ഒരു വിക്കറ്റും നേടി.