കൂടത്തായി കേസ്: രഹസ്യ വിചാരണയ്ക്കെതിരായ ഹര്‍ജി തള്ളി
Tuesday, March 21, 2023 12:32 AM IST
കൊച്ചി: കൂടത്തായി കേസില്‍ രഹസ്യവിചാരണ നടത്തുന്നതിനെതിരെ മുഖ്യപ്രതി ജോളി ജോസഫ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
ഭര്‍ത്താവിനെയും ബന്ധുക്കളെയുമടക്കം അഞ്ച് പേരെ ജോളി വിഷം നല്കി കൊലപ്പെടുത്തിയെന്ന കേസില്‍ രഹസ്യവിചാരണ നടത്താന്‍ കോടതി തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെ നല്കിയ ഹര്‍ജി സെഷന്‍സ് കോടതി തള്ളിയ സാഹചര്യത്തിലാണ് ജോളിയുടെ അഭിഭാഷകന് ഹൈക്കോടതിയെ സമീപിച്ചത്.
തുറന്ന കോടതിയിലെ വിചാരണ പ്രതിക്കോ സാക്ഷികള്‍ക്കോ ബുദ്ധിമുട്ടാണെന്ന് വന്നാലോ മറ്റേതെങ്കിലും കാരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലോ ജഡ്ജിക്ക് രഹസ്യ വിചാരണ നടത്താമെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് വ്യക്തമാക്കി.
കോടതിയിലെത്തുന്ന വേളയിൽ മാധ്യമങ്ങള്‍ തന്നെ പിന്തുടരുകയാണെന്നും നിരവധി കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ജോളി സെഷന്‍സ് കോടതിയില്‍ പരാതി നല്‍കിയിരുന്നതായി സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ചാണ് കോടതി രഹസ്യവിചാരണയ്ക്കെതിരായ ഹർജി തള്ളിയത്.