ലൈഫ് മിഷൻ കോഴ: യൂണിടാക് എംഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ
Tuesday, March 21, 2023 7:06 AM IST
കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഇന്ന് സന്തോഷ് ഈപ്പനെ ചോദ്യം ചെയ്യാനായി കൊച്ചിയിലേക്ക് വിളിപ്പിച്ചിരുന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് ഭവന പദ്ധതിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണ ഇടപാടില്‍ സന്തോഷ് ഈപ്പനെ ഇഡി ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ലൈഫ്മിഷന് പദ്ധതിയില്‍ സന്തോഷ് ഈപ്പന് യുഎഇ കോണ്‍സുല്‍ ജനറല്‍ അടക്കമുള്ളവര്‍ക്ക് കോഴ നല്‍കിയെന്നാണ് ഇഡിയുടെ ആരോപണം. ലൈഫ് മിഷന് പദ്ധതിക്കായി സംഭാവന നല്കിയ 18.5 കോടി രൂപയില്‍ 3.8 കോടി രൂപ ഡോളറാക്കി കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത് സന്തോഷ് ഈപ്പനാണെന്നാണ് ഇഡി ആരോപിക്കുന്നത്.
ലൈഫ് മിഷൻ കേസിൽ രണ്ടാമത്തെ അറസ്റ്റാണിത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.