ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് റഷ്യയിലെത്തി; പുടിനുമായി കൂടിക്കാഴ്ച നടത്തും
Monday, March 20, 2023 6:34 PM IST
മോസ്കോ: ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് റഷ്യയിലെത്തി. മൂന്ന് ദിവസത്തെ സന്ദർശത്തിനായാണ് ഷി റഷ്യയിലെത്തിയത്. പ്രത്യേക വിമാനത്തിൽ ഇന്ന് ഉച്ചയ്ക്കാണ് അദ്ദേഹം മോസ്കോയിൽ പറന്നിറങ്ങിയത്.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ഷി ചിൻപിംഗ് കൂടിക്കാഴ്ച നടത്തും. യുക്രെയ്ൻ യുദ്ധം അവസാനിപ്പിച്ച് മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ചു ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്. പ്രസിഡന്റ് പുടിന്റെ ക്ഷണപ്രകാരം ഷി റഷ്യയിലെത്തിയത്.
യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യക്ക് ഉപരോധം ഏർപ്പെടുത്തിയ യൂറോപ്യൻ രാജ്യങ്ങൾക്കുള്ള ശക്തമായ സന്ദേശമാണു ഷിയുടെ റഷ്യൻ സന്ദർശനം. ചൈനീസ് പ്രസിഡന്റായി മൂന്നാംവട്ടവും ഷി ക്ക് അടുത്തിടെ പാർലമെന്റ് അംഗീകാരം നൽകിയിരുന്നു.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ ചൈന ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. റഷ്യയുമായി നിലവിലുള്ള സൈനിക-വ്യാപാര സഹകരണം ചൈന തുടർന്നുവരികയാണ്.