കോഴിക്കോട് മെഡിക്കല്‍ കോളജ് പീഡനം: അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
Monday, March 20, 2023 11:36 AM IST
തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കായി എത്തിയ യുവതിയെ ആശുപത്രി ജീവനക്കാരന് ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി.
അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വകുപ്പ് ഡയറക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്. ആഭ്യന്തര അന്വേഷണത്തിനായി മൂന്നംഗ സമിതി രൂപീകരിച്ചു. മെഡിക്കല്‍ കോളജ് അഡീഷണല്‍ സൂപ്രണ്ട്, ആര്‍എംഒ, നഴ്സിംഗ് ഓഫിസര്‍ തുടങ്ങിയവരാണ് സമിതി അംഗങ്ങള്‍.
ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയെ സർജിക്കൽ ഐസിയുവിൽ എത്തിക്കാനായി നിയോഗിക്കപ്പെട്ട അറ്റന്‍ഡറാണ് അതിക്രമം നടത്തിയത്. ആരോഗ്യനില ഗുരുതരമായ മറ്റൊരു രോഗിയെ പരിചരിക്കാനായി ഡോക്ടർമാരും സംഘവും മാറിയ വേളയിലാണ് അറ്റൻഡർ യുവതിയോട് മോശമായി പെരുമാറിയത്.
ശസ്ത്രക്രിയയ്ക്ക് ശേഷം മയക്കം പൂർണമായും മാറാത്ത അവസ്ഥയിലായിരുന്ന യുവതി പിന്നീട് ബന്ധുക്കളോട് വിവരം വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്തു.
പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി ഒളിവിൽ പോയി. ഇയാൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.