എടികെ വെട്ടിമാറ്റാൻ ബഗാൻ; പേരുമാറ്റം അടുത്ത സീസൺ മുതൽ
Sunday, March 19, 2023 10:36 AM IST
പനാജി: ഇന്ത്യൻ സൂപ്പർ ലീഗ് കിരീടത്തിൽ നാലാം വട്ടവും മുത്തമിട്ട എടികെ മോഹൻ ബഗാൻ വീണ്ടും പേരുമാറ്റത്തിന് ഒരുങ്ങുന്നു. 2023-2024 സീസൺ മുതൽ ടീമിന്റെ പേരിൽ നിന്ന് എടികെ എന്ന ചുരുക്കെഴുത്ത് ഒഴിവാക്കുമെന്നും മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് എന്ന പുതിയ അവതാരത്തിൽ ചാമ്പ്യന്മാർ എത്തുമെന്നും ടീം ഉടമ സഞ്ജീവ് ഗോയങ്ക അറിയിച്ചു.
നേരത്തെ, മോഹൻ ബഗാൻ ക്ലബിന്റെ ചരിത്രത്തെ തമസ്കരിക്കുന്ന രീതിയിൽ എടികെ എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ ആരാധകർ വ്യാപകമായി രംഗത്തെത്തിയിരുന്നു. ക്ലബ് മാനേജ്മെന്റിന് എതിരെ കോൽക്കത്തയിൽ നടന്ന പ്രതിഷേധങ്ങളിൽ ചിലത് ആക്രമാസക്തമായിരുന്നു. ഇതേത്തുടർന്നാണ് ടീം പേരുമാറ്റിയത്.
അത്ലറ്റികോ ഡി കോൽക്കത്ത എന്ന പേരിൽ ഐഎസ്എല്ലിൽ പോരാട്ടം ആരംഭിച്ച ഗോയങ്കയുടെ ടീമുമായി ലയിച്ചാണ് മോഹൻ ബഗാൻ നിലവിലെ പേര് സ്വീകരിച്ചത്. 2020-ൽ മോഹൻ ബഗാൻ എഫ്സി പ്രൈവറ്റ് ലിമിറ്റഡിൽ ഗോയങ്ക ഗ്രൂപ്പ് പ്രധാന ഓഹരി ഉടമകൾ ആയതോടെയാണ് ഐഎസ്എൽ ക്ലബിലേക്ക് ഇന്ത്യൻ ഫുട്ബോളിലെ വമ്പൻ ടീമിനെ ലയിപ്പിച്ചത്.
എന്നാൽ 2023-ലേക്കുള്ള പുതിയ പേരിലും ഗോയങ്ക സ്വന്തം മുദ്ര പതിപ്പിച്ചിട്ടുണ്ട്. സ്വന്തം പേരിന്റെ ചുരുക്കെഴുത്തായ എസ്ജി എന്ന രണ്ടക്ഷരം സൂപ്പർ ജയന്റ്സ് എന്ന വാൽ ആയി ടീമിന് നൽകി ഗോയങ്ക പതിവ് ആവർത്തിച്ചിരിക്കുകയാണ്. മുൻപ് ഇന്ത്യൻ പ്രീമിയർ ലീഗിലെ പുണെ ഫ്രാഞ്ചൈസിക്ക് റൈസിംഗ് പുണെ സൂപ്പർ ജയന്റ്സ്(ആർപിഎസ്ജി) എന്നാണ് ആർ.പി. സഞ്ജീവ് ഗോയങ്ക എന്ന വ്യവസായ ഭീമൻ പേര് നൽകിയത്.