മാർ പവ്വത്തിൽ: തിരക്കിനിടയിലും എഴുത്തും വായനയും ഹരമാക്കിയ പ്രതിഭ
റെജി ജോസഫ്
Saturday, March 18, 2023 5:37 PM IST
കാറ്റിലുലയുന്ന പരുത്തിക്കുപ്പായം പോലെ തോന്നിക്കുന്ന ശരീരം. താഴെനിന്ന് ഇനിയുമേറെ പഠിക്കാനുണ്ടെന്നതുപോലെ എപ്പോഴും നമ്രമായ ശിരസ്. പാദുകങ്ങൾക്കു നോവരുതെന്ന മട്ടിൽ നടത്തം. ഒരു മുറിയുടെ ജനാലയ്ക്കപ്പുറം കടക്കാത്ത ശബ്ദം. പക്ഷെ, ആ ഇന്പമേറിയ ശബ്ദത്തിലൂടെ പുറത്തുവന്ന ആശയങ്ങൾ, വിരലുകൾ അടയാളപ്പെടുത്തിയ വാചകങ്ങൾ അവയുടെ കനവും കരുത്തും ആരെയും ശിരസു കുനിപ്പിക്കുന്നവയായിരുന്നു.
ചിലരെയൊക്കെ അതിശയിപ്പിക്കുകയും അസ്വസ്ഥതപ്പെടുത്തുകയും ചെയ്തിട്ടുണ്ടാകും മാർ ജോസഫ് പവ്വത്തിലിന്റെ പ്രതികരണങ്ങളും നിലപാടുകളും കുറിപ്പുകളും. അനേകായിരങ്ങളുടെ കണ്ണുകളും കാതുകളും ശ്രദ്ധിക്കുന്ന ആ വലിയ വ്യക്തിത്വത്തിന്റെ വാക്കുകൾക്കും അക്ഷരങ്ങൾക്കും എന്നും കരുത്തും കാതലും മൂർച്ചയുമുണ്ടായിരുന്നു. കാലത്തിനുള്ള പ്രബോധനവും അനേകർക്കുള്ള സന്ദേശവുമായിരുന്നു ആ ശബ്ദവും അക്ഷരങ്ങളും.
വായനയിലും ചിന്തയിലും ധ്യാനത്തിലും നിന്നു സ്വായത്തമാക്കുന്ന ബൗദ്ധിക ജ്ഞാനവും ആത്മീയ ഉണർവുമാണ് മാർ ജോസഫ് പവ്വത്തിൽ എന്ന പണ്ഡിതനായ ആചാര്യനിൽനിന്നു ലോകം കേട്ടതും പഠിച്ചതും. അക്ഷരങ്ങളെ ഇത്രയേറെ ആഴത്തിൽ വായിച്ചവർ അധികമേറെയുണ്ടാവില്ല. വിശ്രമ ജീവിതത്തിലും വായനയ്ക്കും എഴുത്തിനും കുറവുണ്ടായിരുന്നില്ല.
പത്തിലേറെ ദിനപത്രങ്ങൾ മുടങ്ങാതെ അദ്ദേഹം വായിച്ചിരുന്നു. പത്രവായന എന്നു പറഞ്ഞാൽ പോര മനനം ചെയ്യുന്ന സാമൂഹിക പഠനം എന്നുതന്നെ പറയണം. വായനയ്ക്കൊപ്പം ആശയങ്ങൾക്ക് അടിവരയിട്ടും കോളങ്ങളിൽ കള്ളികൾ തിരിച്ചും വാർത്തകളെ ആഴത്തിൽ അപഗ്രഥിക്കുകയും പത്രക്കട്ടിംഗുകൾ ഫയലുകളിലാക്കി സൂക്ഷിക്കുകയും ചെയ്തിരുന്നു.
മേശപ്പുറവും അലമാരകളും നിറയെ പുസ്തകങ്ങളും ആനുകാലികങ്ങളും. നൂറിലേറെ വാരികകളും ബുള്ളറ്റിനുകളും ഓരോ ആഴ്ചയിലും അദ്ദേഹം വായിച്ചിരുന്നു. തിരുത്തലിനും ശരിവയ്ക്കലിനും പുനർവിചിന്തനത്തിനും എന്നോണം മേശപ്പുറത്ത് മഷിനിറച്ച പേനകളും കൂർപ്പിച്ച പെൻസിലുകളുമുണ്ടായിരുന്നു.
അനുകൂലിക്കുന്നവയെ മാത്രമല്ല, ആശയപരമായി ഒരിക്കലും യോജിക്കാത്ത പ്രത്യയശാസ്ത്രങ്ങളും അദ്ദേഹം വായിച്ചിരുന്നു. അവശ്യസാഹചര്യങ്ങളിൽ അതിലെ നെല്ലും പതിരും വേർതിരിച്ചു സഭാത്മകമായ കാഴ്ചപ്പാടോടെ ലേഖനങ്ങളും കുറിപ്പുകളും തയാറാക്കി.
പത്രങ്ങളും ആനുകാലികങ്ങളും വായിക്കുക മാത്രമല്ല കാലോചിതമായ പ്രബോധനങ്ങൾ രചിച്ച് വിശ്വാസികളെ ബോധവത്കരിക്കാനും എക്കാലവും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പണ്ഡിതോജ്ജ്വലമായ പ്രഭാഷണങ്ങൾക്കുള്ള ആഴമേറിയ വിജ്ഞാനം പിതാവ് ആർജിച്ചിരുന്നത് ഈ വായനയിലൂടെയാണ്. ദൈവശാസ്ത്ര ഗ്രന്ഥങ്ങളിലും ആഴമേറിയ വായനയും ജ്ഞാനവും പിതാവിനുണ്ടായിരുന്നു. ഇരുപതിലേറെ ഈടുറ്റ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
കമ്യൂണിസം കാലഹരണപ്പെട്ട പ്രത്യയശാസ്ത്രമാണെന്നു സാന്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി ചങ്ങനാശേരി എസ്ബി കോളജിൽ പ്രഫസറായിരുന്ന പിതാവ് അടിവരയിട്ടു പറഞ്ഞിരുന്നു. മുൻപൊരു അഭിമുഖത്തിൽ പിതാവ് കമ്യൂണിസത്തെ വിലയിരുത്തിയതിങ്ങനെ: "അടിച്ചമർത്തലിലൂടെയാണ് കമ്യൂണിസ്റ്റ് പാർട്ടി എവിടെയും അധികാരത്തിലെത്തിയത്. കാൾ മാക്സ് കുറിച്ചതുപോലെ വർഗസമരത്തിലൂടെയാണ്.'
ഇതേ നിലപാടാണ് വർഗീയതയോടും വർഗീയതയുടെ തിമിരം ബാധിച്ച പാർട്ടികളോടും പുലർത്തിയിരുന്നത്. സമാധാനവും നന്മയും സ്നേഹവും പുരോഗതിയും നാടിനുണ്ടാവണമെന്നതായിരുന്നു പിതാവിന്റെ മാനുഷികതയുടെ ചുരുക്കം.
മാധ്യമ ജാഗ്രതയുടെ പൊരുൾ
പത്രപ്രവർത്തനം പാഠപുസ്തകത്തിലൂടെ പരിശീലിച്ചിട്ടില്ലെങ്കിലും മാധ്യമങ്ങളുടെ കരുത്തും ശക്തിയും ആധികാരികതയും ആധികാരികമായി അറിയുന്ന ചിന്തകനായിരുന്നു മാർ പവ്വത്തിൽ. പത്രവായനയിലും ലേഖനമെഴുത്തിലും പുസ്തകരചനയിലും മാത്രം ഒതുങ്ങുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ മാധ്യമ ധർമം.
കമ്യൂണിക്കേഷൻ അഥവാ ആശയവിനിമയം വ്യക്തി-സമൂഹബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ചിന്താഗതികളെ രൂപപ്പെടുത്തുകയും ചെയ്യുന്ന അടിസ്ഥാന ഉപാധിയാണെന്ന തിരിച്ചറിവ് എക്കാലവും അദ്ദേഹത്തിനുണ്ടായിരുന്നു.
കാഞ്ഞിരപ്പള്ളി ബിഷപ്പായിരിക്കെ അമല എന്ന സംരംഭത്തിലൂടെ നാടകം, സംഗീതം, ആലാപനം, റിക്കാർഡിംഗ്, വാദ്യപരിശീലനം, പ്രസ് എന്നീ സംരംഭങ്ങൾക്കു അദ്ദേഹം തുടക്കംകുറിച്ചു. ചങ്ങനാശേരിയിൽ സ്ഥാപിച്ച സെന്റ് ജോസഫ്സ് കോളജ് ഓഫ് കമ്യൂണിക്കേഷൻസും വിപുലമായ സ്ഥാപനങ്ങളും ഇതിനു മറ്റൊരു തെളിവാണ്.
അച്ചടി മാധ്യമങ്ങൾ പോലെ ഇലക്ട്രോണിക് മാധ്യമങ്ങളുടെ സാധ്യതകളും ഭാവിയും രണ്ടു പതിറ്റാണ്ടു മുൻപേ പിതാവ് തിരിച്ചറിഞ്ഞിരുന്നു. തെറ്റായ സന്ദേശങ്ങൾ നൽകുന്ന സോഷ്യൽ മീഡിയയുടെയും ഇതര മാധ്യമങ്ങളുടെയും ആസൂത്രിതമായ ചെയ്തികളെ തിരിച്ചറിയണമെന്ന് ഉദ്ബോധിപ്പിക്കുകയും രൂപതയിലും ഇടവകകളിലും ജാഗ്രതാ സെല്ലുകൾ വേണമെന്ന് മുന്നറിയിപ്പു നൽകുകയും ചെയ്തു. വാർത്തകളെ വളച്ചൊടിക്കുകയും സത്യങ്ങളെ തമസ്കരിക്കുകയും ചെയ്യുന്ന ചാനൽ അപകടങ്ങളെയും കെണികളെയും പിതാവ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
യുവജനം കരുത്തും കരുതലും
യുവജനങ്ങളെ സഭാത്മകമായി വളർത്താനും പരിശീലിപ്പിക്കാനും പിതാവ് 1972-ൽ രൂപംകൊടുത്ത സംഘടനയാണ് യുവദീപ്തി. വിവിധ റീത്തുകളിൽ യുവജനങ്ങളുടെ കൂട്ടായ്മ കെസിവൈഎം പ്രസ്ഥാനമായി വളർന്നു. ഇടവകകളുടെയും രൂപതകളുടെയും ആത്മീയവും ഭൗതികവുമായ വളർച്ചയിൽ യുവജന പ്രസ്ഥാനങ്ങൾ ചൈതന്യം പകരുന്നു.
സ്നേഹിതൻ, ഗുരുഭൂതൻ
ഭാരതസഭയ്ക്കും സഹോദരീസഭകൾക്കും കാലോചിത ഉദ്ബോധനങ്ങൾ നൽകുന്നതിൽ മാർ ജോസഫ് പവ്വത്തിൽ അർപ്പിച്ച സേവനങ്ങൾ എക്കാലവും മാതൃകാപരമാണ്. എക്യുമെനിസം എന്ന വലിയ ആശയം പ്രധാന സംഭാവനയാണ്.
മതസൗഹാർദത കാത്തുസൂക്ഷിക്കുന്നതിലും അദ്ദേഹം ശ്രദ്ധ പുലർത്തിയിരുന്നു. സതീർഥ്യനായിരുന്ന എൻഎസ്എസ് മുൻ ജനറൽ സെക്രട്ടറി പി.കെ. നാരായണപ്പണിക്കരുമായുള്ള ആത്മബന്ധം ചങ്ങനാശേരിയിലെ മതസൗഹാർദതയ്ക്ക് കരുത്തു പകർന്നിട്ടുണ്ട്.
ശിക്ഷ്യഗണങ്ങളിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ ഡിജിപി സിബി മാത്യു, മുൻ മന്ത്രി എൻ.എം. ജോസഫ്, ജസ്റ്റീസ് സിറിയക് ജോസഫ്, മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർ ജോർജ് കോച്ചേരി തുടങ്ങി ഏറെപ്പേരുണ്ട്.
കാലോചിതമായ വിഷയങ്ങളിൽ ആഴമാർന്ന പാണ്ഡിത്യവും പ്രായോഗികതയും അടിസ്ഥാനമാക്കി പിതാവ് നൽകുന്ന പ്രബോധനങ്ങൾക്കും വിശദീകരണങ്ങൾക്കും കാർക്കശ്യതയും കൃത്യതയുമുണ്ടായിരുന്നു. വിശ്വാസം, വിദ്യാഭ്യാസം, ആത്മീയം, സന്യാസപരിശീലനം, ആരാധനാക്രമം എന്നിവയിലെല്ലാം മാർ പവ്വത്തിലിന്റെ ബോധ്യങ്ങളും കാഴ്ചപ്പാടുകളും കാലോചിതമായിരുന്നു.
തെറ്റെന്നു ബോധ്യമുള്ളവയെ തിരുത്താനും വഴിതെറ്റാനുള്ള സാഹചര്യങ്ങളെ മുൻപേ കാണാനും നേരിന്റെ വഴി തുറന്നു നൽകാനും പിതാവിനു വ്യക്തമായ നിലപാടും ദർശനങ്ങളുണ്ടായിരുന്നു. ഏൽപ്പിക്കപ്പെട്ട ചുമതലകളെല്ലാം അതിന്റെ പൂർണതയിലും പക്വതയിലും നിർവഹിക്കുകയും ചെയ്തു.
ഭാരത കത്തോലിക്കാ മെത്രാൻസമിതിയുടെ അധ്യക്ഷപദവിയിൽ 1994 മുതൽ 98 വരെ തുടർച്ചയായ രണ്ടു ടേമിൽ പിതാവ് നേതൃത്വം നൽകി. ഇക്കാലത്തു വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ സഭയ്ക്കും മിഷനറിമാർക്കും നേരേയുണ്ടായ ആക്രമണങ്ങളിലുള്ള പ്രതിഷേധം രാഷ്ട്രീയ അധികാരികളെ നേരിൽ അറിയിച്ചു.
കെസിബിസി അധ്യക്ഷൻ (1993-96), സിബിസിഐ വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ, കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ തുടങ്ങിയ ചുമതലകളിലും പിതാവ് സേവനമനുഷ്ഠിച്ചു. ഇന്റർ ചർച്ച് കൗണ്സിൽ ചെയർമാൻ, ഏഷ്യൻ സിനഡിൽ കൗണ്സിൽ അംഗം തുടങ്ങി വേറെയും ചുമതലകൾ വഹിച്ചു.
ധന്യമായ വഴിത്താരകൾ
35 വർഷത്തെ ദീർഘമായ മേൽപ്പട്ടശുശ്രൂഷ. 1972 ജനുവരി 29നു ചങ്ങനാശേരി അതിരൂപത സഹായ മെത്രാനായി. അതേവർഷം ഫെബ്രുവരി 13നു മെത്രാഭിഷേകം.
ചങ്ങനാശേരി അതിരൂപത വിഭജിച്ച് 1977 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപത നിലവിൽവന്നപ്പോൾ പ്രഥമ ബിഷപ്. കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് ശക്തമായ അടിത്തറയിട്ട് രൂപതയെ ഒൻപതു വർഷം നയിച്ചു.
ആർച്ച്ബിഷപ് മാർ ആന്റണി പടിയറയുടെ പിൻഗാമിയായി 1985 നവംബർ 16നു ചങ്ങനാശേരി അതിരൂപതാധ്യക്ഷനായി. 2007 ജനുവരി 22നു വിരമിച്ചു.