എന്തൊരു പ്രഹസനം...!
വി. ശ്രീകാന്ത്
Saturday, March 18, 2023 12:59 PM IST
തിരുവനന്തപുരം: നിയമസഭയിൽ വെറും ഒന്പത് മിനിറ്റും 17 മിനിറ്റും ദൈർഘ്യമുള്ള ഹ്രസ്വചിത്രങ്ങളുടെ പ്രദർശനമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്നത്. ഇനിയിപ്പോൾ നേതാക്കന്മാർക്ക് രണ്ട് ദിവസത്തെ വിശ്രമം. ശേഷം വാക് പോരും വേണമെങ്കിൽ കൈയാങ്കളിയും തുടരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ഉശിര് നല്ലോണമുണ്ടെന്ന് കാട്ടിത്തന്നെയാണ് പ്രതിപക്ഷം സഭ വെള്ളിയാഴ്ച ഒന്പത് മിനിറ്റിൽ അവസാനിപ്പിക്കാനുള്ള സാഹചര്യമൊരുക്കിയത്. ഭരണപക്ഷം ആഗ്രഹിക്കുന്നത് പ്രതിപക്ഷം നടപ്പിലാക്കുകയാണോ ചെയ്യുന്നതെന്ന് ജനങ്ങൾക്ക് തോന്നിയാൽ അതിൽ സത്യം ഇല്ലാതെയില്ലായെന്ന് സമ്മതിക്കാതിരിക്കാനും തരമില്ല.
ശരിക്കും പറഞ്ഞാൽ ഇവർ നിയമസഭ കൂടുന്നത് ജനങ്ങളുടെ പ്രശ്നം ചർച്ച ചെയ്യാനാണോ അതോ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണോ എന്ന സംശയം ബാക്കി.
ആദ്യം കേസ്
അകത്തും പുറത്തും ഇപ്പോൾ കേസ് കൊടുക്കലുകളുടെ കാലമാണ്. പുറത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സ്വപ്നയ്ക്കെതിരേ മാനനഷ്ടകേസാണ് കൊടുത്തതെങ്കിൽ നിയമസഭയിലെ കൈയാങ്കളിയിൽ പെട്ട് ജാമ്യമില്ലാ കേസും ജാമ്യം കിട്ടുന്ന കേസുമായി നിരവധി കേസുകളാണ് ഫയൽ ചെയ്തിരിക്കുന്നത്.
ഇനിയിപ്പോൾ പ്രതിപക്ഷ നേതാക്കൾ ഈ കേസിൽ നിന്നും തങ്ങളെ വിടുവിക്കാനുള്ള പ്രതിഷേധത്തിനായിരിക്കും മുൻതൂക്കം കൊടുക്കുക. ആദ്യം അവരുടെ കാര്യം നോക്കിയിട്ട് വേണമല്ലോ അവർക്ക് ജനങ്ങളുടെ കാര്യം നോക്കാൻ. ജാമ്യമില്ലാ കേസും കൂടി ആവുന്പോൾ എങ്ങനെയങ്കിലും ഇതിൽനിന്ന് ഊരാനുള്ള വെപ്രാളം കൂടും.
ചെളി വാരിയേറ്
ബ്രഹ്മപുരം വിഷയത്തിൽ നിന്നും പ്രതിപക്ഷത്തിന്റെ ശ്രദ്ധമാറ്റാൻ ഭരണപക്ഷം അവരെ ആവോളം പ്രകോപിപ്പിച്ചു. മുഖ്യമന്ത്രി മിണ്ടാതിരുന്നപ്പോൾ അദ്ദേഹത്തിന്റെ വായ തുറപ്പിക്കാൻ നോക്കിയ പ്രതിപക്ഷത്തെ മന്ത്രി റിയാസും സ്പീക്കർ ഷംസീറും ചേർന്നാണ് നേരിട്ടത്.
പ്രതിപക്ഷം കുത്തിപ്പൊക്കാൻ നോക്കിയ വിഷയങ്ങളത്രയും സതീശനും റിയാസും തമ്മിലുള്ള വാക് പോര് തുടങ്ങിയതോടെ അങ്ങ് ഇല്ലാണ്ടായി. പിന്നീട് കാണാൻ കഴിഞ്ഞത് അവർ പരസ്പരം വാക്കുകൾ കൊണ്ട് ചെളിവാരിയെറിയുന്നതാണ്.
ഇത് കേൾക്കുന്പോഴും കാണുന്പോഴും ജനങ്ങൾക്ക് കരച്ചിലാ യിരിക്കും വരിക. അവരുടെ പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള സമയമാണല്ലോ നേതാക്കന്മാർ ഇല്ലാതാക്കുന്നത്.
ഇതെന്ത് പറ്റി
മുഖ്യമന്ത്രി പിണറായി വിജയൻ ഓരോ വിഷയങ്ങളേയും സമീപിക്കുന്ന രീതികൾ ജനങ്ങൾ പലപ്പോഴായി കണ്ടിട്ടുള്ളതാണ്. അന്നൊന്നും ഇല്ലാത്ത അസ്വസ്ഥതയാണ് ഇപ്പോൾ അദ്ദേഹത്തിൽ കണ്ടുവരുന്നത്. മുഖ്യന് എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടെന്നാണ് ജനസംസാരം.
പ്രത്യേക പ്രസ്താവനയിലൂടെ ബ്രഹ്മപുരം വിഷയത്തെ കുറിച്ച് സംസാരിക്കുന്നു, പ്രതിപക്ഷത്തെ കേസുകളിൽ കുടുക്കുന്നു, സഭ നടന്നില്ലെങ്കിലും ഈ വിഷയമൊന്ന് മാറികിട്ടിയാൽ മതിയെന്ന നിലയിലേക്ക് നീങ്ങുന്പോൾ മുഖ്യന് എന്തോ ഒളിപ്പിച്ചുവയ്ക്കാനുണ്ടെന്ന് ജനങ്ങൾക്ക് തോന്നാം.
ലൈഫ് മിഷൻ വിഷയവും ബ്രഹ്മപുരം വിഷയവുമെല്ലാം ഇപ്പോൾ ഒരുവശത്തേക്ക് ഒതുക്കി നൈസായിട്ട് മുഖ്യൻ മുന്നോട്ട് പോകുന്പോൾ പ്രതിപക്ഷം അടുത്തയാഴ്ച തങ്ങളുടെ കേസുകളുടെ പുറകെ പോകുമോ അതോ വീണ്ടും പ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്ന് കാത്തിരുന്ന് കാണാം.