രാഹുൽ നങ്കൂരമിട്ടു... ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് ജയം
Friday, March 17, 2023 9:14 PM IST
മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റം ജയം. കെ.എൽ. രാഹുലിന്റെയും രവീന്ദ്ര ജഡേജയുടെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യൻ ജയം. ഓസ്ട്രേലിയ ഉയർത്തിയ 189 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 39.5 ഓവറിൽ മറികടന്നു.
39-4 എന്ന നിലയിൽ തകർന്ന ഇന്ത്യയെ രാഹുൽ ഒറ്റയ്ക്ക് ചുമലിലേറ്റുകയായിരുന്നു. പിന്നീട് രാഹുലിനൊപ്പം ജഡേജയും ചേർന്നതോടെ ഓസ്ട്രേലിയയുടെ കൈയിൽനിന്നും ഇന്ത്യ ജയം തട്ടിയെടുത്തു.
പുറത്താകാതെ 91 പന്തിൽ ഒരു സിക്സും ഏഴ് ഫോറും ഉൾപ്പെടെ 75 റണ്‍സായിരുന്നു രാഹുലിന്റെ സന്പാദ്യം. ജഡേജ 69 പന്തിൽ 45 റണ്‍സുമായി പുറത്താകാതെ നിന്നു. ഹർദിക് പാണ്ഡ്യ 25 റണ്‍സും ശുഭ്മാൻ ഗിൽ 20 റണ്‍സുമെടുത്തു.
ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി. മാർക്കസ് സ്റ്റോയിനിസ് രണ്ട് വിക്കറ്റും നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ മിച്ചൽ മാർഷിന്റെ തകർപ്പൻ അർധ സെഞ്ചുറിയിലൂടെ മികച്ച തുടക്കം ലഭിച്ചശേഷം അപ്രതീക്ഷിതമായി തകർന്നടിയുകയായിരുന്നു.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരും രണ്ട് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയും ചേർന്നാണ് ഓസീസിനെ തകർത്തത്. ഹർദിക് പാണ്ഡ്യയ്ക്കും കുൽദീപ് യാദവിനും ഓരോ വിക്കറ്റ് ലഭിച്ചു.
169/5 എന്ന നിലയിൽ നിന്നാണ് ഓസീസ് തകർന്നടിഞ്ഞത്. 65 ബോളിൽ 81 റൺസെടുത്ത മിച്ചൽ മാർഷിന്റെ ഒറ്റയാൾ പോരാട്ടം മാത്രമാണ് ഓസീസ് ഇന്നിംഗ്സിലെ സവിശേഷത. 10 ഫോറും അഞ്ച് സിക്സും അടങ്ങിയതായിരുന്നു മാർഷിന്റെ ഇന്നിംഗ്സ്. മറ്റാർക്കും തിളങ്ങാനായില്ല. ഓസീസ് നിരയിലെ അഞ്ച് ബാറ്റർമാർക്ക് രണ്ടക്കം കാണാനായില്ല.