മാതാവിനെ വെട്ടിനുറുക്കി അലമാരയില്‍ സൂക്ഷിച്ച സംഭവം; മകളുടെ ആണ്‍സുഹൃത്തിനെ കസ്റ്റഡിയിലെടുക്കും
Friday, March 17, 2023 9:52 AM IST
മുംബൈ: മാതാവിനെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി വീട്ടില്‍ സൂക്ഷിച്ച സംഭവത്തില്‍ പുറത്തുനിന്ന് സഹായം കിട്ടിയോ എന്ന് പോലീസ് അന്വേഷിക്കുന്നു. പ്രതി റിംപിള്‍ ജെയിനിന്റെ ഉത്തര്‍പ്രദേശില്‍ ഉള്ള ആണ് സുഹൃത്തിനെ പോലീസ് ഉടന്‍ കസ്റ്റഡിയിലെടുക്കും.
ഇയാൾക്കായി പോലീസ് സംഘം കാണ്‍പൂരിലേക്ക് തിരിച്ചു. കൊലപാതകം നടന്നുവെന്ന് സംശയിക്കുന്ന ദിവസങ്ങളില്‍ ഇയാള്‍ മുംബൈയില്‍ ഉണ്ടായിരുന്നു.
ലാല്‍ബാഗിലെ ഇബ്രാഹിം കസര്‍ ചൗളില്‍ വസിക്കുന്ന വീണ പ്രകാശ് ജെയ്ന്‍(55) ആണ് ദാരുണമായി മരിച്ചത്. വീണയുടെ മകള്‍ റിംപിള്‍ ജെയ്ന്‍(24) മാതാവിനെ കൊലപ്പെടുത്തിയ ശേഷം മാര്‍ബിള്‍ കട്ടര്‍ ഉപയോഗിച്ച് ശരീരം വെട്ടിനുറുക്കി രണ്ട് മാസത്തോളം സൂക്ഷിച്ച് വയ്ക്കുകയായിരുന്നു.
വീണയുടെ കൈകാലുകള്‍ വീട്ടിലെ ജലസംഭരണിക്കുള്ളില്‍ നിന്നും ശിരസ് അലമാരയ്ക്കുള്ളില്‍ പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ നിലയിലുമാണ് പോലീസ് കണ്ടെത്തിയത്.
എന്നാൽ മാതാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ ദുരൂഹത ഇപ്പോഴും അവശേഷിക്കുകയാണ്. കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്തെന്ന് ഇതുവരെ കണ്ടെത്താനായില്ല.