സ്റ്റാർട്ടിംഗ് ട്രബിൾ മാറി; ആർസിബിക്ക് ജയം
Wednesday, March 15, 2023 11:14 PM IST
മുംബൈ: നാണക്കേടിന്റെ പടുകുഴിയിൽ അകപ്പെട്ട റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഡബ്ല്യുപിഎൽ ചരിത്രത്തിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി. യുപി വാരിയേഴ്സിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തിയാണ് ആർസിബി കന്നിപോയിന്റിന്റെ മധുരം ആസ്വദിച്ചത്. ആറാം മത്സരത്തിലാണ് ആർസിബി ലീഗിലെ ആദ്യജയം സ്വന്തമാക്കിയത്.
ഭൂഖണ്ഡാന്തര മിസൈൽ കണക്കെ മുംബൈ ഇന്ത്യൻസ് വിജയപാതയിൽ കുതിച്ച് പായുന്ന ലീഗിൽ സ്റ്റാർട്ടിംഗ് ട്രബിൾ മൂലം കഷ്ടപ്പെട്ട ആർസിബിയെ കനിക അഹൂജയുടെ(46) പ്രകടനമാണ് രക്ഷിച്ചത്. മുംബൈ ഉയർത്തിയ 136 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി 12 പന്ത് ബാക്കി നിൽക്കെ വിജയം നേടി.
ലീഗിലെ ഏറ്റവും മൂല്യമുള്ള താരമായ സ്മൃതി മന്ഥാന(0) വീണ്ടും നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവച്ച മത്സരത്തിൽ അഹൂജയ്ക്ക് പിന്തുണ നൽകിയത് ഹെതർ നൈറ്റ്((24) മാത്രമാണ്. സോഫി ഡെവൈൻ(14) വേഗം പുറത്തായെങ്കിലും റിച്ച ഘോഷ്(31) ഫിനിഷിംഗിൽ അഹൂജയ്ക്ക് പിന്തുണ നൽകി.
യുപിക്കായി ദീപ്തി ശർമ രണ്ടും സോഫി എക്ലസ്റ്റോൺ, ദേവിക വൈദ്യ, ഗ്രേസ് ഹാരിസ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
നേരത്തെ, ഹാരിസിന്റെ(46) ഒറ്റയാൾ പോരാട്ടമാണ് യുപിയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. നാലോവറിൽ 16 റൺസ് മാത്രം വഴങ്ങി ഹാരിസിനെയടക്കം മൂന്ന് യുപി ബാറ്റർമാരെ കൂടാരം കയറ്റിയ എലിസ് പെറിയാണ് ആർസിബി ബൗളിംഗ് നിരയെ നയിച്ചത്.
തല്ല് വാങ്ങിക്കൂട്ടുന്ന ബൗളിംഗ് നിര എന്ന പതിവ് പല്ലവിക്ക് മാറ്റം വന്ന മത്സരത്തിൽ, ആർസിബി ബൗളർമാർ റൺസ് വിട്ടുനൽകുന്നതിൽ പിശുക്ക് കാട്ടി. ശോഭന ആശ, ഡെവൈൻ എന്നിവർ രണ്ട് വീതവും മെഗൻ ഷുട്ട്, ശ്രേയാങ്ക പാട്ടീൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
ആദ്യ ജയത്തോടെ രണ്ട് പോയിന്റുമായി ആർസിബി ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. സമാന പോയിന്റുള്ള ഗുജറാത്ത് ജയന്റ്സിനെ ഭേദപ്പെട്ട റൺനിരക്കിന്റെ(-1.550) അടിസ്ഥാനത്തിലാണ് ആർസിബി പിന്തള്ളിയത്. -3.207 ആണ് ജയന്റ്സിന്റെ റൺനിരക്ക്. നാല് പോയിന്റുള്ള യുപി മൂന്നാമതാണ്.