നിയമസഭയിലെ സംഘർഷം: കക്ഷിനേതാക്കളുടെ യോഗം വിളിച്ച് സ്പീക്കർ
Wednesday, March 15, 2023 9:01 PM IST
തിരുവനന്തപുരം: നിയമസഭ മന്ദിരത്തിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കക്ഷിനേതാക്കളുടെ യോഗം വിളിച്ച് സ്പീക്കർ എ.എൻ. ഷംസീർ. വ്യാഴാഴ്ച രാവിലെ എട്ടിനാണ് യോഗം.
നിയമസഭയിൽ ഇന്ന് നടന്ന സംഘർഷവും കൈയാങ്കളിയും അസ്വാഭാവികമെന്നാണ് വിലയിരുത്തൽ. ഇതിനൊരു പരിഹാരം കണ്ടെത്താനാണ് യോഗം. യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കുമെന്നാണ് സൂചന.
അതേസമയം സംഘർഷവുമായി ബന്ധപ്പെട്ട് സ്പീക്കർക്ക് എംഎൽഎമാർ പ്രത്യേകം പരാതി നൽകിയതിന് പുറമേ, എംഎൽഎമാരുടെ മർദനമേറ്റെന്ന എതിർപരാതികൾ വാച്ച് ആൻഡ് വാർഡിന്റെ ഭാഗത്ത് നിന്നും ലഭിച്ചിട്ടുണ്ട്.
ഭരണകക്ഷിയംഗങ്ങളായ എച്ച്. സലാം, സച്ചിൻദേവ് എന്നിവർക്കെതിരെയും പ്രതിപക്ഷം പരാതി നൽകിയിട്ടുണ്ട്. ആക്രമണം നടത്തിയവർക്കെതിരെ നടപടി വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.