2026 ഫിഫ ലോകകപ്പിൽ 48 ടീമുകൾ, 104 മത്സരങ്ങൾ
Tuesday, March 14, 2023 10:22 PM IST
പാരിസ്: അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന 2026-ലെ ഫുട്ബോൾ ലോകകപ്പിൽ 104 മത്സരങ്ങൾ ഉണ്ടായിരിക്കുമെന്ന് ഫിഫ അറിയിച്ചു. ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32-ൽ നിന്ന് 48 ആയി ഉയർത്തുമെന്ന് ഫിഫ നേരത്തെ വ്യക്തമാക്കിയിരുന്നു.
മൂന്ന് ടീമുകൾ വീതമുള്ള 16 ഗ്രൂപ്പുകൾ എന്ന പുതിയ ഫോർമാറ്റിലും ഫിഫ മാറ്റം വരുത്തി. നാല് ടീമുകൾ വീതമുള്ള 12 ഗ്രൂപ്പുകളാവും 2026 ലോകകപ്പിൽ ഉണ്ടാവുക. എല്ലാ ടീമുകൾക്കും ഏറ്റവും കുറഞ്ഞത് മൂന്ന് മത്സരങ്ങൾ വീതം ലഭിക്കും. ഒരു ഗ്രൂപ്പിൽ മൂന്ന് ടീമുകൾ മാത്രമായാൽ ഒത്തുകളി സാധ്യത ഉയരുമെന്ന വിമർശനം വ്യാപകമായതോടെയാണ് ഈ പരിഷ്കാരം.
എല്ലാ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ നേരിട്ട് റൗണ്ട് ഓഫ് 32-ലേക്ക് മുന്നേറും. 12 ഗ്രൂപ്പുകളിലെയും മൂന്നാം സ്ഥാനക്കാരിൽ നിന്ന് മികച്ച എട്ട് ടീമുകളെ പോയിന്റ് പട്ടികയിൽ നിന്ന് കണ്ടെത്തി ഇവർക്കൊപ്പം ചേർക്കുന്ന രീതിയിലാണ് പുതിയ ഫോർമാറ്റ്.
2026 ജൂലൈ 19-നാണ് ഫൈനൽ മത്സരം നടക്കുക. ആകെ 80 മത്സരങ്ങൾ എന്നത് 104 ആയി ഉയർന്നപ്പോൾ ഫൈനലിൽ എത്തുന്ന ടീമിന് ടൂർണമെന്റിൽ ലഭിക്കാവുന്ന പരമാവധി മത്സരങ്ങളുടെ എണ്ണം ഏഴിൽ നിന്ന് എട്ടായി മാറി.
1994-ലെ യുഎസ്എ ലോകകപ്പ് വരെ 24 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തിരുന്നത്. 1998 മുതലാണ് 32 ടീമുകളെ പങ്കെടുപ്പിക്കാൻ ആരംഭിച്ചത്.