ഓസ്കറിന്റെ ക്രെഡിറ്റ് തട്ടിയെടുക്കരുതെന്ന് മോദിയോട് അഭ്യർഥിച്ച് ഖാർഗെ
Tuesday, March 14, 2023 5:30 PM IST
ന്യൂഡൽഹി: ഓസ്കർ വേദിയിൽ രാജ്യത്തിന് അഭിമാനമായ ഇരട്ടപുരസ്കാരങ്ങളുടെ ക്രെഡിറ്റ് തട്ടിയെടുക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജ്യസഭയിലെ സംവാദവേളയിലാണ് ഖാർഗെ ഈ പരിഹാസം തൊടുത്തത്.
ആർആർആർ, എലിഫന്റ് വിസ്പറേഴ്സ് എന്നീ ചിത്രങ്ങൾ രാജ്യത്തിന്റെ സംഭാവനയാണെന്നും ഇവയുടെ ഓസ്കർ നേട്ടത്തിന്റെ ക്രെഡിറ്റ് ഭരണപക്ഷം എടുക്കരുതെന്നും ഖാർഗെ പ്രസ്താവിച്ചു. ബിജെപിയാണ് ചിത്രം ഒരുക്കിയത്, ഗാനരചന നടത്തിയത്, മോദിയാണ് ചിത്രം സംവിധാനം ചെയ്തത് തുടങ്ങിയ അവകാശവാദങ്ങൾ ദയവായി നടത്തരുതെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
ഓസ്കറിൽ തിളങ്ങിയ നാട്ടു നാട്ടു ഗാനം ഉൾപ്പെട്ട ആർആർആർ എന്ന ചിത്രത്തിന്റെ രചയിതാവ് വി. വിജയേന്ദ്ര പ്രസാദിനെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത് മോദി സർക്കാർ ആണെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ പ്രസ്താവിച്ചതിന് പിന്നാലെയാണ് ഖാർഗെയുടെ ഈ പരിഹാസം എത്തിയത്.
ഖാർഗെയുടെ വാക്കുകൾ സഭയിലാകെ ചിരിപടർത്തി. ചെയറിലുണ്ടായിരുന്ന ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും കൂട്ടച്ചിരിയിൽ പങ്കുചേർന്നതോടെ പരിഹാസത്തിന് ഐക്യപിന്തുണ ലഭിച്ച പ്രതീതിയായി.