പാക്കിസ്ഥാന് മുന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തേക്കും
Tuesday, March 14, 2023 1:47 PM IST
ലാഹോര്: പാക്കിസ്ഥാന് മുന് പ്രധാനമന്ത്രിയും തെഹ്രീകെ ഇന്സാഫ് (പിടിഐ) പാര്ട്ടി ചെയര്മാനുമായ ഇമ്രാന് ഖാന് ഇന്ന് അറസ്റ്റിലായേക്കും. വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയ കേസില് പോലീസ് 24 മണിക്കൂറിനുള്ളില് ഇമ്രാനെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.
ഇസ്ലാമാബാദ് കോടതി ഇമ്രാനെതിരെ ജാമ്യമില്ലാ വാറണ്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഓഗസ്റ്റ് 20ന് എഫ് 9 പാര്ക്കില് നടന്ന റാലിക്കിടെ ജുഡീഷല് മജിസ്ട്രേറ്റ് സേബാ ചൗധരിയെയും പോലീസുകാരെയും ഭീഷണിപ്പെടുത്തിയെന്നാണ് ഇമ്രാന് ഖാനെതിരായ കേസ്.
കേസില് വിചാരണയ്ക്കായി ഹാജരാകണമെന്ന് ഇമ്രാനോട് കോടതി നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയാറായില്ല. നിലവില് രണ്ട് കോടതികളില് നിന്നുള്ള ജാമ്യമില്ലാ വാറണ്ടുകളാണ് ഇമ്രാന് ഖാന്റെ പേരിലുള്ളത്.
നേരത്തെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന് പോലീസ് സംഘം ലാഹോറില് എത്തിയിരുന്നെങ്കിലും പാര്ട്ടി അനുയായികളുടെ പ്രതിഷേധത്തെ തുടര്ന്ന് മടങ്ങിപ്പോകേണ്ടി വന്നു. ഇമ്രാനെ അറസ്റ്റ് ചെയ്യുമെന്ന് വിവരം ലഭിച്ചതോടെ ആയിരക്കണക്കിന് അനുയായികള് റാലിയുമായി തെരുവിലിറങ്ങുകയായിരുന്നു.