"നാട്ടു നാട്ടു' ഇന്ത്യൻ സിനിമയെ ഉയരങ്ങളിലെത്തിച്ചു; അഭിനന്ദനവുമായി പിണറായി വിജയൻ
Monday, March 13, 2023 3:55 PM IST
തിരുവനന്തപുരം: ഓസ്കാർ നേടിയ "നാട്ടു നാട്ടു' ഗാനത്തയും സംഗീതം നല്കിയ എം.എം. കീരവാണിയെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ സിനിമയെ കീരവാണിയും സംഘവും പുതിയ തലത്തിലേക്ക് ഉയർത്തിയെന്നും ചരിത്രനിമിഷത്തിൽ താൻ അഭിമാനിക്കുന്നു എന്നും മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.
കീരവാണിയെയും എസ്.എസ്.രാജമൗലിയെയും ജൂനിയർ എൻ.ടി.ആറിനെയും രാം ചരണിനെയും ടാഗ് ചെയ്താണ് മുഖ്യമന്ത്രിയുടെ ട്വീറ്റ്.
മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്‍ആര്‍ആറിലെ "നാട്ടു നാട്ടു' എന്ന ഗാനം ഓസ്കാർ നേടിയത്.
കീരവാണിയാണ് ഗാനത്തിനു സംഗീതം നല്‍കിയത്. കനുകുന്താള സുഭാഷ് ചന്ദ്രബോസാണ് ഗാനത്തിന്റെ വരികൾ കുറിച്ചിരിക്കുന്നത്. കാലഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ജ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്.