"മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത് ലോകത്തെ ആദ്യ സംഭവമല്ല': ജനങ്ങൾ തെരഞ്ഞെടുത്ത മന്ത്രി
സ്വന്തം ലേഖകൻ
Monday, March 13, 2023 1:52 PM IST
തിരുവനന്തപുരം: ബ്രഹ്മപുര മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തിൽ പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും പഴിച്ച് മന്ത്രി എം.ബി. രാജേഷ്. കൊച്ചിയിൽ മാലിന്യക്കൂമ്പാരത്തിന് തീപീടിച്ചത് ലോകത്തെ ആദ്യ സംഭവമല്ല. ലോകമാകെ എപ്പോഴും ഇത് സംഭവിക്കുന്നുണ്ട്. യുഡിഎഫ് ഭരണകാലത്താണ് ബ്രഹ്മപുരത്ത് ഇത്രയധികം മാലിന്യമുണ്ടായതെന്നും രാജേഷ് നിയമസഭയിൽ പറഞ്ഞു.
മാധ്യമങ്ങളെയും മന്ത്രി രൂക്ഷമായി വിമർശിച്ചു. മാലിന്യത്തിന് തീപിടിച്ചത് ലോകത്തെ ആദ്യ സംഭവം എന്ന രീതിയിലാണ് ചില മാധ്യമങ്ങൾ അവതരിപ്പിക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളാണ് മാധ്യമങ്ങൾ നൽകുന്നത്. തീ ഇല്ലാതെ പുക ഉണ്ടാക്കാനാണ് ചില മാധ്യമ വിദഗ്ധരുടെ നീക്കം. ഡൽഹിയേക്കാൾ മെച്ചമാണ് കൊച്ചിയിലെ വായു നിലവാരമെന്നും മന്ത്രി പറഞ്ഞു.
ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ കരാർ ഏറ്റെടുത്ത കമ്പനിയെയും മന്ത്രി ന്യായീകരിച്ചു. കടലാസ് കമ്പനിയാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ കരാർ ഏറ്റെടുത്തത് എന്ന് വൻ തോതിൽ പ്രചാരണം നടക്കുന്നുണ്ട്. എന്നാൽ രണ്ട് ഡസൻ നഗരങ്ങളിൽ ഈ കമ്പനി പ്രവർത്തിക്കുന്നുണ്ട്. കമ്പനിക്ക് എതിരായ പ്രചാരണം രാഷ്ട്രീയ ലക്ഷ്യംവെച്ചുള്ളതാണെന്നും രാജേഷ് കൂട്ടിച്ചേർത്തു.