റഫറിമാർക്ക് ബാഴ്സ കോഴ നൽകിയെന്ന കണ്ടെത്തൽ; പരാതിയുമായി റയൽ
Sunday, March 12, 2023 8:11 PM IST
മാഡ്രിഡ്: മത്സരഫലം തങ്ങൾക്ക് അനുകൂലമാക്കാൻ റഫറിയിംഗ് സമിതി ഉപാധ്യക്ഷന്‍ ബാഴ്സലോണ എഫ്സി കോഴ നൽകിയെന്ന സ്പാനിഷ് പ്രോസിക്യൂട്ടർമാരുടെ കണ്ടെത്തൽ ലാ ലിഗയെ ചൂടുപിടിപ്പിക്കുന്നു.
സംഭവത്തിൽ ബാഴ്സയ്ക്കെതിരെ നൽപ്പെട്ട പരാതിയിൽ കക്ഷി ചേരാൻ ക്ലബിന്റെ ചിരവൈരികളായ റയൽ മാഡ്രിഡ് എഫ്സി ഒരുങ്ങുകയാണ്. ബാഴ്സ ടീമിനും രണ്ട് മുൻ മാനേജർമാർക്കുമെതിരെയാണ് റയൽ പരാതി നൽകുന്നത്.
എതിരാളികൾ നടത്തിയ ഗുരുതര കുറ്റകൃത്യത്തെപ്പറ്റി ചർച്ച ചെയ്യാൻ റയൽ അടിയന്തര ബോർഡ് യോഗം വിളിച്ചിരുന്നു. ഇതിന് ശേഷമാണ് കാറ്റലോണിയൻ ടീമിനെതിരെ പരാതി നൽകാൻ റയൽ തീരുമാനിച്ചത്.
1993 മുതൽ 2018 വരെ ലാ ലിഗ റഫറിയിംഗ് സമിതി ഉപതലവൻ ആയിരുന്ന ഹോസെ മരിയ എൻറിക്വസ് നെഗ്രേരയ്ക്ക് ബാഴ്സ 7.8 മില്യൺ ഡോളർ കോഴ നൽകിയെന്നാണ് ആരോപണം. 2001 മുതൽ 2018 വരെയുള്ള കാലഘട്ടത്തിൽ ക്ലബിന് അനുകൂലമായ രീതിയിൽ മത്സരത്തിലെ റഫറിയിംഗ് തീരുമാനങ്ങൾ മാറ്റാനും മത്സരഫലത്തിൽ കൃത്രിമത്വം നടത്താനുമായിരുന്നു ഇത്.
എന്നാൽ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് ബാഴ്സലോണ അറിയിച്ചു. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും നിലവിൽ പുറത്തുവരുന്ന വിവരങ്ങൾ ഊഹാപോഹങ്ങൾ മാത്രമാണെന്നും ക്ലബ് അറിയിച്ചു.